astor

ന്യൂഡൽഹി: 9.78 ലക്ഷം രൂപയ്ക്ക് എം ജി മോട്ടോഴ്സിന്റെ പുത്തൻ എസ് യു വി ആസ്റ്റർ വിപണിയിലെത്തി. 27ലധികം സുരക്ഷാ സംവിധാനങ്ങളുമായാണ് ആസ്റ്ററിനെ എം ജി മോട്ടോഴ്സ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ലെവലുകളിലായുള്ള അഡാസ് സുരക്ഷാ സംവിധാനമാണ് ആസ്റ്ററിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ എസ് യു വികളിൽ ഇത്തരം സുരക്ഷാ സംവിധാനമുള്ള ആദ്യ വാഹനമാണ് ആസ്റ്റർ. ഓട്ടോമാറ്റിക്ക് എമ‌ർജൻസി ബ്രേക്കിംഗ് സിസ്റ്റം, പെഡസ്ട്രിയൻ ഡിറ്റക്ഷൻ, സറൗണ്ട് വ്യൂവ്, പാർക്കിംഗ് അസിസ്റ്റ് എന്നിവ അഡാസ് സുരക്ഷാ സംവിധാനത്തിലുൾപ്പെട്ട ചില സൗകര്യങ്ങൾ മാത്രമാണ്.

ഹ്യുണ്ടായുടെ ക്രീറ്റ, കിയ സെൽട്ടോസ്, റെനോ ഡസ്റ്റർ, ഫോക്സ്‌വാഗൺ തൈഗൂൺ എന്നിവയാണ് ആസ്റ്ററിന്റെ വിപണിയിലെ പ്രധാന എതിരാളികൾ. നാലു വേരിയന്റുകളിലായാണ് ആസ്റ്റർ വിപണിയിലെത്തുന്നത്. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിവയാണ് വിപണിയിൽ ലഭ്യമാകുന്ന ആസ്റ്റർ മോഡലുകൾ. ഇതിൽ സ്റ്റൈൽ ഒഴിച്ചുള്ള എല്ലാ മോഡലിനും ഓട്ടോമാറ്റിക് ഗിയർ ബോക്സും സ്മാർട്ട്, ഷാർപ്പ് മോഡലുകൾക്ക് പെട്രാൾ ടർബോ മോഡലുകളും ലഭ്യമാണ്.

mg-astor

ഏറ്റവും കുറഞ്ഞ മോഡലായ സ്റ്റൈലിന് എക്സ് ഷോറൂം വില 9.78 ലക്ഷവും എറ്റവും ഉയർന്ന മോഡലായ ഷാർപ്പിന്റെ ടർബോ ഡീസൽ മോഡലിന് 16.78 ലക്ഷം രൂപയുമാണ് വില വരുന്നത്. എന്നാൽ വാഹനം വിപണിയിൽ പരി‌ചയപ്പെടുത്തുന്നതിനു വേണ്ടി മാത്രമുള്ളതാണ് ഈ വിലകളെന്നും കുറച്ചു കഴിഞ്ഞ് വാഹനത്തിന്റെ വില ഉയരുമെന്നും കമ്പനി അറിയിച്ചു. ആദ്യ 5000 വാഹനങ്ങൾ മാത്രമായിരിക്കും ഈ വിലയ്ക്കു വിൽക്കുക.

1.5 ലിറ്റർ പെട്രോൾ എൻ‌ജിൻ വേരിയന്റ് ആസ്റ്ററിന്റെ എല്ലാ മോഡലുകൾക്കും ഒപ്പം ലഭിക്കും. ഇതേ എൻജിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ മോഡലുകൾക്കൊപ്പവും 1.3 ലിറ്രറിന്റെ ടർബോ പെട്രോൾ ഓട്ടോമാറ്റിക് എൻജിൻ സ്മാർട്ട്, ഷാർപ്പ് എന്നീ മോഡലുകൾക്കൊപ്പവും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.