smuggling-

ദുബായ് : അടുത്തിടെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി ദുബായ് പൊലീസ്. അന്താരാഷ്ട്ര വിപണിയിൽ 136 മില്യൺ ഡോളർ വിലമതിക്കുന്ന 500 കിലോ കൊക്കെയിനാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഇസ്രയേലി പൗരനും പിടിയിലായിട്ടുണ്ട്. ഹലീൽ ദാസുകി എന്നയാളാണ് പിടിയിലായത്. വൻ കൊക്കെയിൻ വേട്ട നടത്തിയ വിവരം ഫേസ്ബുക്കിലൂടെയാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്. മയക്കുമരുന്ന് കണ്ടെയ്നറിൽ ഒളിപ്പിച്ച് തുറമുഖത്തേയ്ക്ക് കടത്താൻ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ദുബായ് പൊലീസ് ആന്റി നാർക്കോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹരേബ് തങ്ങൾ നടത്തിയ ഓപ്പറേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ദുബായിൽ നിന്നും മയക്കുമരുന്ന് മറ്റൊരു രാജ്യത്തെ വെയർഹൗസിൽ സൂക്ഷിക്കാനാണ് സംഘം പദ്ധതിയിട്ടത്. പിടിയിലായ ഇസ്രയേലി പൗരൻ ഇപ്പോൾ തടവിലാണ്. വലിയ അളവിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ഇയാൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് സൂചന.