ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. കൊല്ലപ്പെട്ടവരിൽ ഒരാൾ ജൂനിയർ കമ്മീഷൻ ഓഫീസറാണ്. സുരങ്കോട്ട് മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു സൈനികർ വീരമൃത്യു വരിച്ചത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൈനികർ സ്ഥലത്ത് പരിശോധന നടത്തിയത്. ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും തീവ്രവാദികളും സൈന്യവുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.
നേരത്തെ അനന്ദ് നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. വർഷങ്ങളായി കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ഇംതിയാസ് അഹമ്മദ് ദറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.