ഒട്ടുമിക്ക മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. സ്വപ്ന ഗൃഹം പണിയുമ്പോൾ വാസ്തുപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് പോസിറ്റീവ് എനർജി പകരുന്നതിൽ വാസ്തുവിദ്യയുടെ പങ്ക് വളരെ വലുതാണ്. വീട്ടിൽ സ്ഥിരമായി സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുകയാണെങ്കിൽ അതിനൊരു കാരണം വാസ്തുപരമായ ദോഷങ്ങളാകാം. ഇവ ഏതൊക്കെയാണെന്ന് മനസിലാക്കി പരിഹരിക്കുന്നതിലൂടെ ധനനഷ്ടം ഒഴിവാക്കുന്നതിനോടൊപ്പം സമ്പത്ത് വർദ്ധിപ്പിക്കാനും സാധിക്കും.
ക്യാഷ് ഡ്രോയർ, അലമാര
മിക്കവാറും ആളുകൾ പണം സൂക്ഷിക്കുന്നത് അലമാരയിലോ ക്യാഷ് ഡ്രോയറിലോ ആണ്. ഈ ഇടം തന്നെയാണ് സാമ്പത്തിക ലാഭങ്ങൾക്കായി വാസ്തുപരമായി ഏറ്റവും അനുയോജ്യമായതും. കാശ് സൂക്ഷിക്കുന്ന അലമാര തെക്ക് പടിഞ്ഞാറൻ ചുമരോട് ചേർന്നാണ് സ്ഥാപിക്കേണ്ടത്. വാതിൽ വടക്ക് ദിശയിലേക്ക് തുറക്കുന്നതാകണം. സമ്പത്തിന്റെ ദേവനായ കുബേരന്റെ സ്ഥാനമാണിത്. ക്യാഷ് ഡ്രോയർ ബീമിന് കീഴിൽ സ്ഥാപിക്കരുത്. കൂടാതെ അലമാരയ്ക്ക് മുന്നിൽ ഒരു കണ്ണാടി വയ്ക്കാനും ശ്രദ്ധിക്കണം.
മേൽക്കൂര
തെക്ക് പടിഞ്ഞാറ് ഭാഗത്തെ മേൽക്കൂര വടക്ക് കിഴക്ക് ഭാഗത്തെക്കാൾ അൽപ്പം ഉയർത്തണം. അതായത് മേൽക്കൂര വടക്ക് കിഴക്ക് ദിശയിലേക്ക് ചെറുതായി ചരിഞ്ഞിരിക്കണം. കൂടാതെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ചുമരുകൾ കട്ടിയുള്ളതാകണം.
ജലാശയം
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഒരു ചെറിയ ജലധാര നിർമിക്കുക. ചലിച്ചുകൊണ്ടിരിക്കുന്ന ജലം സൃഷ്ടിയിലെ മഹത്തായ ഈർജത്തെ സൂചിപ്പിക്കുന്നു. ചോർന്നൊലിക്കുന്ന ടാപ്പുകൾ, കേടായ പ്ളംമ്പിംഗ് ഉപകരണങ്ങൾ എന്നിവ നന്നാക്കുക. വെള്ളം ചോർന്നുപോകുന്നത് ധനനഷ്ടത്തിന് കാരണമാകും.
പക്ഷികൾക്ക് ആഹാരം
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പക്ഷികൾക്ക് ആഹാരം നൽകാൻ പാത്രം വയ്ക്കുന്നത് നല്ലതാണ്. ധനനഷ്ടം ഒഴിവാക്കുന്നതിനുള്ള വാസ്തുപരമായ പരിഹാര മാർഗമായി ഇതിനെ കണക്കാക്കുന്നു.
ചെടികൾ
വീടിനുള്ളിൽ പർപ്പിൾ നിറത്തിലുള്ള ചെടികൾ വളർത്തുന്നത് ഐശ്വര്യം പ്രദാനം ചെയ്യും. വീടിനുള്ളിൽ മണി പ്ളാന്റ് വളർത്തുന്നുണ്ടെങ്കിൽ പർപ്പിൾ നിറത്തിലുള്ള ചെടിച്ചട്ടിയിൽ വളർത്തുക.
ചിത്രങ്ങൾ, പ്രതിമകൾ
വെള്ളത്തിന്റെയോ, വെള്ളച്ചാട്ടത്തിന്റെയോ, നദികളുടെയോ, മത്സ്യങ്ങളുടെയോ, സൂര്യപ്രകാശത്തിന്റെയോ ചിത്രങ്ങൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് സമ്പത്ത് കൈവരുന്നതിന് സഹായിക്കും. ഒരു ബുദ്ധ പ്രതിമ ഡ്രോയിംഗ് റൂമിലോ, അടുക്കളയിലോ, പൂന്തോട്ടത്തിലോ വയ്ക്കുക. ഇത് വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സഹായിക്കും.
ക്ലോക്കുകൾ
വീട്ടിലെ ക്ലോക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക. പ്രവർത്തന രഹിതമായ ക്ലോക്കുകൾ ധനത്തിന്റെ വരവ് സ്തംഭിക്കുന്നതിന് കാരണമാകുന്നു.
വായു സഞ്ചാരം
വീടിനുള്ളിലെ വായു സഞ്ചാരം ഉറപ്പാക്കുക. ക്രോസ് വെൻ്റിലേഷനും വായു പ്രവാഹവും പണമൊഴുക്ക് മെച്ചപ്പെടാൻ സഹായിക്കുന്നു. പ്രവേശന കവാടത്തിൽ ഒരു മണി തൂക്കിയിടുന്നതും സമൃദ്ധി വർദ്ധിപ്പിക്കും.