f

ബാഗ്​ദാദ്​: അഴിമതിയും സർക്കാരിന്റെ കെടുകാര്യസ്ഥതയും മൂലമുള്ള കടുത്ത ജനരോക്ഷത്തിനിടെ ഇറാക്കിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. 41% പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2018ലെ തിരഞ്ഞെടുപ്പിൽ 44.5 ശതമാനമായിരുന്നു പോളിംഗ്​.പോളിംഗിൽ വലിയ ഇടിവുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

നാലു കോടിയിലേറെ ​ജനസംഖ്യയു​ള്ള ഇറാക്കിൽ രണ്ടരകോടി വോട്ടർമാരാണുള്ളത്​. തിരഞ്ഞെടുപ്പിൽ ശിയ നേതാവ്​ മുഖ്​തദ അൽ സദ്​റിന്റെ നേതൃത്വത്തിലുള്ള വിഭാഗം മുന്നിലെത്തുമെന്നാണ്​ കരുതുന്നത്​.

സുരക്ഷസേനാംഗങ്ങൾ, ജയിൽ പുള്ളികൾ, പ്രാദേശികമായി കുടിയേറിപ്പാർത്തവർ എന്നിവർക്ക്​ രണ്ടു ദിവസം മുമ്പ്​ വോട്ട്​ ചെയ്യാൻ സംവിധാനമൊരുക്കിയിരുന്നു.

മാദ്ധ്യമപ്രവർത്തകനെ കാണാതായി

അതേസമയം, തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മാദ്ധ്യമപ്രവർത്തകനെ കാണാതായതായി പരാതി. അൽസുമാരിയ ടി.വി, ഡ്യൂട്​ഷെ വെല്ലെ എന്നീ മാദ്ധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന അലി അബ്​ദുൽ സഹ്​റനെ കാണാനില്ലെന്ന് കുടുംബാംഗങ്ങളാണ്​ പരാതി നൽകിയത്​.