nobel-prize

സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാമ്പത്തിക നോബൽ പുരസ്കാരത്തിന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ ഡേവിഡ് കാർഡ്, ജോഷ്വ ഡി. ആൻഗ്രിസ്റ്റ്, ഗയ്ഡോ ഡബ്ള‌ിയു. ഇംബെൻസ് എന്നിവർ അർഹരായി.

വേതന വർദ്ധനയും തൊഴിലവസരങ്ങളും ബന്ധപ്പെടുത്തി നടത്തിയ പഠനവും കുടിയേറ്റങ്ങൾ തൊഴിലവസരങ്ങളെയും കുറഞ്ഞ വേതനത്തെയും സ്വാധീനിക്കുമോ എന്നതു സംബന്ധിച്ചും നടത്തിയ പഠനങ്ങളാണ് ഡേവിഡ് കാർഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ക്യൂബയിൽ നിന്നുള്ള കുടിയേറ്റത്തെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കുടിയേറ്റം വേതനം കുറയാൻ ഇടയാക്കിയില്ലെന്നും വേതന വർദ്ധന തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും കണ്ടെത്തിയിരുന്നു.

വിദ്യാഭ്യാസം വരുമാനത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതു സംബന്ധിച്ച പഠനമാണ് ആൻഗ്രിസ്റ്റിനെയും ഇംബെൻസിനെയും പുരസ്കാരത്തിന് അർഹരാക്കിയത്.

പുരസ്കാര ജേതാക്കളുടെ പഠനങ്ങൾ തൊഴിൽ മേഖലയ്ക്ക് പുതിയ മാനങ്ങൾ നൽകിയെന്ന് സ്വീഡിഷ് അക്കാഡമി വ്യക്തമാക്കി. സമ്മാനത്തുകയായ ഒരു കോടി സ്വീഡിഷ് ക്രോണ (8.51 കോടി രൂപ) മൂവരും പങ്കിടും. കനേഡിയൻ വംശജനായ ഡേവിഡ് കാർഡ് കാലിഫോർണിയ സർവകലാശാലയിലെ ഫാക്കൽറ്റിയാണ്. ഇസ്രയേൽ വംശജനായ ജോഷ്വ ആൻഗ്രിസ്റ്റ് മസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലും ഡച്ച് വംശജനായ ഗയ്ഡോ സ്റ്റാൻഫോർഡ് സർവകലാശാലയിലും സേവനമനുഷ്ഠിക്കുകയാണ്. സാമ്പത്തിക നോബലോടെ ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനങ്ങൾ പൂർത്തിയായി. ഡിസംബർ 10ന് സമ്മാനിക്കും.