ബ്രിട്ടൻ: ബ്രിട്ടനിൽ പള്ളിമുറ്റത്തുവച്ച് അജ്ഞാതൻ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി യുവതി.ഐലസ്ബറി ടൗൺ സെന്ററിലെ സെന്റ് മേരീസ് പള്ളിമുറ്റത്തുവച്ച് ഞായറാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്. ഏഷ്യൻ വംശജനായ 30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്സൺ സിംപ്സൺ പറഞ്ഞു.
പ്രാഥമികഘട്ട അന്വേഷണം ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. സംഭവ സമയത്ത് പള്ളി പരിസരത്ത് ഉണ്ടായിരുന്നവരോ സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നവരോ തെംസ് വാലി പൊലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാറിൽ ഡാഷ് കാമറ ഘടിപ്പിച്ചവർ റെക്കാഡ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നതിനാൽ പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. സമീപ പ്രദേശങ്ങളിലെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വീട്ടുടമകൾ പരിശോധിക്കണമെന്നും അന്വേഷണത്തിന് സഹായകമാകുന്ന എന്തെങ്കിലും കണ്ടാൽ അറിയിക്കണമെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.