candy

സ്റ്റോക്ക്ഹോം: ശനിയാഴ്ച ഉച്ചകഴിയാൻ കൊതിയോടെ കാത്തിരിക്കും ഓരോ സ്വീഡിഷ് മധുരപ്രേമിയും. കാരണം അന്ന് അവരുടെ മധുര ദിവസമാണ്. സ്വീഡിനിൽ ശനിയാഴ്ചകളിൽ മിഠായികൾ വാങ്ങുന്ന പതിവുണ്ട്. ലോർഡഗ്‌സ്‌ഗോഡിസ് എന്നാണ് ഈ ദിവസത്തെ സ്വീഡിഷുകാർ വിളിയ്ക്കുന്നത്. ശനിയാഴ്ചയിലെ മധുരപലഹാരങ്ങളെന്നാണ് ഈ സ്വീഡിഷ് വാക്കിന്റെ അർത്ഥം. ശനിയാഴ്ച പ്രാദേശിക ഷോപ്പിംഗ് മാളുകൾക്കകത്തും പുറത്തുമെല്ലാം തന്നെ ജനങ്ങളുടെ തിരക്കാണ്. കുട്ടികളുടെ കൈകളിലെല്ലാം തന്നെ ഒരു ബാഗ് നിറയെ മിഠായികൾ കാണും.

 മിഠായി ചരിത്രം

1950കളിലാണ് ലോർഡഗ്‌സ്‌ഗോഡിസ് എന്ന ആശയം ആരംഭിക്കുന്നത്. രാജ്യം വികസിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളുടെ പല്ലുകളും സുന്ദരമായി ഇരിക്കണമെന്ന് അധികൃതർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി ആഴ്ചയിലൊരിക്കൽ മാത്രം മധുരം കഴിച്ചാൽ മതിയെന്ന് ശുപാർ ചെയ്തു. ജനങ്ങൾ അത് അനുസരിക്കുകയും ചെയ്തു.

 ഭരണകൂടത്തെ വിശ്വസിച്ച ജനങ്ങൾ
ഭരണകൂടത്തെ എല്ലാക്കാലവും ജനങ്ങൾ വിശ്വാസത്തിലെടുത്തത് മൂലമാണ് ഇന്നും ലോർഡഗ്‌സ്‌ഗോഡിസ് വിജയമായി തുടരുന്നത്. ഇന്ന് പലർക്കും ലോർഡഗ്‌സ്‌ഗോഡിസ് കുടുംബത്തിനൊപ്പം ഒത്തുചേരുന്നതിനുള്ള സമയം കൂടിയാണ്. ലോർഡഗ്‌സ്‌ഗോഡിസ് കുട്ടികളിൽ സമ്പാദ്യശീലവും വളർത്തുന്നു. മിഠായി വാങ്ങാനായി കുട്ടികൾ ഒരാഴ്ച മുഴുവനും പണം സ്വരൂപിക്കുന്നതിലൂടെയാണിത്.