kkk

ചൈനയില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയോട് കേന്ദ്രസർക്കാർ. പകരം കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ടെസ്‌ലയെ അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടയിലാണ് ഗഡ്കരിയുടെ പരാമര്‍ശം. നേരത്തെ ഇന്ത്യയില്‍ വാഹനം എത്തിക്കുന്നതിനുള്ള നികുതി സംബന്ധമായ കാര്യത്തെ പറ്റി ടെസ്‌ലയും കേന്ദ്രവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ടെ‌സ്‌ലയ്ക്ക് വാഹനം നിര്‍മിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇന്ത്യയില്‍ ഒരുക്കുമെന്നും കേന്ദമന്ത്രി ഉറപ്പു നല്‍കി

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും ടെസ്‍ല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാഹനം ഇറക്കുമതി ചെയ്യാന്‍ കമ്പനി സന്നദ്ധമാണെന്നും എന്നാല്‍, ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയില്‍ ഈടാക്കുന്നതെന്നായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പോസ്റ്റിലൂടെ പറഞ്ഞത്. എന്നാല്‍ പൂർണമായി ഇറക്കുമതി ചെയ്‍ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടിയും നല്‍കി. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് നികുതിയിളവ് ആവശ്യമാണെങ്കിൽ ഇവിടെ അസംബ്ലിംഗ് തുടങ്ങാനായിരുന്നു അമേരിക്കൻ ഭീമനോട് കേന്ദ്രസർക്കാർ നിർദേശിച്ചത്. വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനി തയ്യാറാണെങ്കിലും ലോകത്തെ മറ്റെല്ലാ രാജ്യത്തെക്കാളും ഉയര്‍ന്ന തിരുവയാണ് ഈടാക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു. 40,000 ഡോളര്‍റിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 110 ശതമാനം വരെ ഇറക്കുമതി ചുമത്തുന്നത് ഇലക്ട്രോണിക് വാഹനങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമമാണ് എന്ന് ഇലോണ്‍ മസ്‌ക് കേന്ദ്രസര്‍ക്കാരിനെഴുതിയ കത്തില്‍ വ്യക്തമാക്കി.