mohanlal
ചിത്രം: നിശാന്ത് ആലുകാട്

തിരുവനന്തപുരം: തന്റെ എത്രയും പ്രിയപ്പെട്ട വേണുച്ചേട്ടനെ കാണാൻ മോഹൻലാൽ എത്തി. രാത്രി 12.30 ഓടെയാണ് തിരുവനന്തപുരത്തെ വസതിയായ തമ്പിലേക്ക് ലാൽ എത്തിയത്. ഒരു നിമിഷം പടിക്കെട്ടിന് മുന്നിൽ സ്തബ്‌ദനായി നിന്ന ലാൽ തന്റെ സഹപ്രവർത്തകന്റെ ചേതനയറ്റ ശരീരത്തെ അവസാനമായ കണ്ടു. കണ്ണുകൾ നിറഞ്ഞിരുന്നു. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള ഓർമ്മകൾ മഹാനടനിൽ തിങ്ങിനിന്നു. തുടർന്ന് വേണുവിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ച ലാൽ കുറച്ച് നേരം ഇരുന്ന ശേഷമാണ് മടങ്ങിയത്. പോകുന്നതിനിടയിൽ മാദ്ധ്യമപ്രവർത്തകരോട് നെടുമുടിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.

'പെട്ടെന്നൊന്നും പറയാൻ പറ്റുന്നില്ല, അദ്ദേഹവുമായി ഒരുപാട് വർഷത്തെ പരിചയമാണ്. ആദ്യസിനിമയായ തിരനോട്ടത്തിൽ വേണുചേട്ടനെ അഭിനയിക്കാൻ വിളിക്കാൻ ചെന്നവരാണ് ഞങ്ങൾ. അവിടെ തുടങ്ങി ആറാട്ട് എന്ന സിനിമവരെയുള്ള പരിചയം. ആക്‌ടർ-ആക്‌ടർ എന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. ഒരു സഹോദരനെക്കാട്ടിലൊക്കെ മുകളിലുള്ള ബന്ധം. നഷ്‌ടം എന്നല്ല; വേറെ എന്തോ ഒരു വാക്കാണ്, പറയാൻ പറ്റുന്നില്ല'- വാക്കുകൾ ഇടമുറിഞ്ഞ് ലാൽ നടന്നു നീങ്ങി.