cpm

താത്വികമായ ചിന്തകൾക്കൊപ്പം തിരഞ്ഞെടുപ്പ് വിജയങ്ങളെയും പരാജയങ്ങളെയും താത്വികമായി വിലയിരുത്തുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം" എന്ന രാഷ്ട്രീയ സിനിമയിലെ ഡയലോഗുകൾ അതുകൊണ്ടു തന്നെയാണ് ഇന്നും ഏറെ പ്രസക്തമാകുന്നത്. ഇപ്പോൾ ഓരോ തിരഞ്ഞെടുപ്പിനു ശേഷവും നടത്തുന്ന വിലയിരുത്തലുകളിൽ വാർത്താമാദ്ധ്യമങ്ങളും സമൂഹമാധ്യമങ്ങളും സ്ഥിരമായി കൂട്ടുപിടിക്കുന്നത് 'സന്ദേശം" സിനിമ രംഗങ്ങളെയും ഡയലോഗുകളെയുമാണ്. ശങ്കരാടിയും ശ്രീനിവാസനും ബോബി കൊട്ടാരക്കരയും അഭിനയിച്ച ആ സീനാണ് പഞ്ച് ഡയലോഗുകളായി കാലാതിവർത്തിയായി നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന പാർട്ടിയോഗത്തിൽ താത്വികാചാര്യനായ ശങ്കരാടിയുടെ കുമാരപിള്ള സാറിന്റെ ആ ഡയലോഗ് ഇങ്ങനെയാണ്:

'താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും, റാഡിക്കലായ ഒരു മാറ്റമല്ല."

ഇതുകേൾക്കുമ്പോഴാണ് ഉത്തമനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോബി കൊട്ടാരക്കരയുടെ ചോദ്യം.

'സഖാവെ, എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ ?" അപ്പോൾ ശ്രീനിവാസന്റെ കോട്ടപ്പള്ളി എന്ന കഥാപാത്രം ഉത്തമനെ അടിച്ചിരുത്തുന്നു. സ്റ്റഡിക്ളാസിൽ പങ്കെടുക്കാത്തതിന്റെ കുഴപ്പമെന്നും താത്വികാചാര്യനായ കുമാരപിള്ള സാറിനെ ചോദ്യം ചെയ്യരുതെന്ന താക്കീതും.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തിയെന്നത് ചരിത്രമാണ്. എന്നാൽ ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികളിലും തോറ്റ സീറ്റുകളെച്ചൊല്ലിയും ജയിച്ചിടങ്ങളിൽ ഭൂരിപക്ഷം എന്തുകൊണ്ട് കുറഞ്ഞുവെന്നതിനെ സംബന്ധിച്ചും താത്വികവും രാഷ്ട്രീയവുമായ ചർച്ചകളും അവലോകനങ്ങളും അരങ്ങേറുകയാണ്. പലയിടത്തും ഇക്കാര്യം അന്വേഷിക്കുന്നതിനായി കമ്മിഷനുകളെ നിയമിച്ചു. ചിലയിടങ്ങളിൽ ഇതിനകം പാർട്ടി നേതാക്കൾക്കെതിരെ നടപടിയും ഉണ്ടായ ഘട്ടത്തിലാണ് സന്ദേശം സിനിമയിൽ ഉത്തമന്റെ ചോദ്യത്തിന് പ്രസക്തിയേറുന്നത്.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലും കുണ്ടറയിലും ഇടത് സ്ഥാനാർത്ഥികളുടെ തോൽവി വിലയിരുത്താൻ കഴിഞ്ഞദിവസം ചേർന്ന സി.പി.എം യോഗം കടുത്ത നടപടിയൊന്നും സ്വീകരിച്ചില്ലെങ്കിലും രണ്ട് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെ തരംതാഴ്ത്തുകയും ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ 4 പേർക്ക് താക്കീത് നൽകുകയും ചെയ്തു. കരുനാഗപ്പള്ളി മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന കാപ്പക്സ് മുൻ ചെയർമാൻ കൂടിയായ പി.ആർ. വസന്തൻ, കുണ്ടറ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന എൻ.എസ് പ്രസന്നകുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കുണ്ടറയിൽ പരാജയപ്പെട്ട മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും ജില്ലാ സെക്രട്ടേറിയറ്റംഗവും, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ ബി. തുളസീധരക്കുറുപ്പ്, ഏരിയ സെക്രട്ടറി എസ്.എൽ സജികുമാർ, ജില്ലാ കമ്മിറ്റിയംഗം ആർ.ബിജു എന്നിവരെ കുണ്ടറയിലെ തോൽവിയുടെ പേരിലും കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി പി.കെ ബാലചന്ദ്രനെ കരുനാഗപ്പള്ളിയിലെ തോൽവിയുടെ പേരിലുമാണ് താക്കീത് ചെയ്തത്. ഇരു മണ്ഡലങ്ങളിലും നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ കൺവീനറായ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി കെ.എൻ ബാലഗോപാൽ, ആനത്തലവട്ടം ആനന്ദൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഒരുദിവസം മുഴുവൻ നീണ്ട യോഗമാണ് നടപടി കൈക്കൊണ്ടത്. വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാ‌ടെങ്കിലും പ്രധാന ചുമതലക്കാർക്കെതിരെ മാത്രം നടപടി മതിയെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.

തോറ്റത് സി.പി.ഐ

നടപടി സി.പി.എമ്മിൽ

കരുനാഗപ്പള്ളിയിൽ സി.പി.ഐ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എ യുമായിരുന്ന ആർ. രാമചന്ദ്രനാണ് തോറ്റതെങ്കിലും നടപടി കൈക്കൊണ്ടത് സി.പി.എം ആണെന്നതാണ് ശ്രദ്ധേയം. തങ്ങളുടെ സ്ഥാനാർത്ഥി തോറ്റതിന് സി.പി.ഐയിൽ ഒരു നടപടിയും ഉണ്ടാകാതിരിക്കെ സി.പി.എമ്മിൽ നടപടിയുണ്ടായതിൽ പാർട്ടിക്കുള്ളിലും

തങ്ങളുടെ സ്ഥാനാർത്ഥി തോറ്റത് സംബന്ധിച്ച് നടത്താൻ തീരുമാനിച്ച അന്വേഷണം എങ്ങും എത്തിയില്ലെന്നതിനെച്ചൊല്ലി സി.പി.ഐയിലും ഇപ്പോൾ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. 2016 ൽ വെറും 1759 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആർ. രാമചന്ദ്രൻ കോൺഗ്രസിലെ സി.ആർ മഹേഷിനെ പരാജയപ്പെടുത്തിയത്. അന്നും ഭൂരിപക്ഷം ഇടിഞ്ഞത് സംബന്ധിച്ച് അന്വേഷിക്കാൻ സി.പി.ഐ നേതൃത്വം കമ്മിഷൻ രൂപീകരിക്കുകയും മറ്റും ചെയ്തെങ്കിലും പിന്നീട് കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. ആർ. രാമചന്ദ്രൻ തന്നെ ഇടപെട്ട് തുടർനടപടികൾ ഇല്ലാതാക്കിയെന്നാണ് സി.പി.ഐ യിലെ ആക്ഷേപം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ. രാമചന്ദ്രൻ സി.ആർ മഹേഷിനോട് തോറ്റത് 29,​208 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ്. സി.പി.എമ്മിന് സി.പി.ഐ യെക്കാൾ സ്വാധീനമുള്ള കരുനാഗപ്പള്ളി മണ്ഡലം നിലവിൽവന്ന ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്നത്. സി.പി.എമ്മിന്റെ ശക്തിദുർഗ്ഗമായ കുലശേഖരപുരം പഞ്ചായത്തിൽ പോലും ഇതാദ്യമായി എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ കോൺഗ്രസിലെ പി.സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടത് 4523 വോട്ടിന്റെ വ്യത്യാസത്തിലാണ്. 2016 ൽ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താനെ 30460 വോട്ടുകൾക്ക് മേഴ്സിക്കുട്ടിയമ്മ പരാജയപ്പെടുത്തിയിരുന്നു.

ഇഴഞ്ഞിഴഞ്ഞ് സി.പി.ഐ അന്വേഷണം

കരുനാഗപ്പള്ളിയിൽ പാർട്ടി സ്ഥാനാർത്ഥിയുടെ തോല്‌വിയെക്കുറിച്ച് അന്വേഷിക്കാൻ സി.പി.ഐ നിയോഗിച്ച കമ്മിഷന്റെ അന്വേഷണം എവിടെ എത്തിയെന്ന് പാർട്ടിക്കാർക്ക് പോലും നിശ്ചയമില്ല. വിഭാഗീയതയുടെ കുരുക്കിൽപെട്ടുഴലുന്ന പാർട്ടിയുടെ ജില്ലാ അസി. സെക്രട്ടറി ജി.ലാലു കൺവീനറും ജില്ലാ എക്സിക്യൂട്ടീവ് അം ഗം ജി.ബാബു, പുനലൂർ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് എന്നിവരടങ്ങിയ കമ്മിഷനെ രണ്ടുമാസം മുമ്പാണ് നിയോഗിച്ചത്. കമ്മിഷൻ ഇതുവരെ മണ്ഡലത്തിൽ എത്തിയതു പോലുമില്ല.

നമ്മൾ എങ്ങനെ തോറ്റു ?

കരുനാഗപ്പള്ളിയിൽ സി.പി.എം വോട്ടുകൾ ഗണ്യമായി ചോർന്നത് തടയാൻ പി.ആർ വസന്തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പാർട്ടി കൂലങ്കഷമായും താത്വികമായും നടത്തിയ അവലോകനത്തിൽ കണ്ടെത്തിയത്. ആർ. രാമചന്ദ്രന്റെ തോൽവി പാർട്ടിക്കും മുന്നണിക്കും അപമാനമുണ്ടാക്കിയെന്നും ജയം ഉറപ്പാക്കാനുള്ള പ്രവർത്തനം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല വഹിച്ചവർക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ രാഷ്ട്രീയ ശത്രുക്കൾ ഒന്നിച്ചെന്നും അതിനെ മറികടക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്നും പാർട്ടി ചുമതലക്കാർ തമ്മിൽ ഏകോപനം ഉണ്ടായില്ലെന്നുമാണ് കണ്ടെത്തൽ.

ഉത്തമന്റെ

ചോദ്യം പ്രസക്തം

'നമ്മൾ എങ്ങനെ തോറ്റുവെന്ന് ലളിതമായി പറഞ്ഞാലെന്താ" എന്ന ഉത്തമന്റെ ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ചില നേതാക്കളുടെ വീഴ്ചയും ഏകോപനമില്ലായ്മയുമൊക്കെയാണ് സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണമായതെന്നത് പാർട്ടിയുടെ താത്വികമായ വിലയിരുത്തലായി കരുതാമെങ്കിലും ഉത്തമനെപ്പോലുള്ള സാധാരണക്കാരനറിയാം ആർ.രാമചന്ദ്രനും ജെ.മേഴ്സിക്കുട്ടിയമ്മയും എന്തുകൊണ്ട് തോറ്റുവെന്ന്. കരുനാഗപ്പള്ളിയിൽ 29208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സി.ആർ മഹേഷിന്റേത് സാധാരണക്കാരായ വോട്ടർമാരുടെ പ്രകടമായ വികാരത്തിന്റെ പ്രതിഫലനമാണെന്ന് മനസിലാക്കാൻ താത്വികമായ അവലോകനത്തിനൊന്നും മിനക്കെടേണ്ട. ചില നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചാൽ മാത്രം ഇപ്പുറത്തേക്ക് മറിയുന്നതല്ല ഇത്രയും വോട്ടുകൾ. ആർ. രാമചന്ദ്രന്റെയും ജെ.മേഴ്സിക്കുട്ടിയമ്മയുടെയും പ്രവർത്തന രീതികളിലും ഇടപെടലുകളിലുമെല്ലാം ഇരുമണ്ഡലങ്ങളിലെയും ജനങ്ങൾക്ക് കാര്യമായ അസംതൃപ്തിയും നീരസവും ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും നിഷേധാത്മകമായ നിലപാടുകൾ പലവട്ടം വിവാദമാകുകയും ചർച്ചയാകുകയും ചെയ്തതാണ്. മേഴ്സിക്കുട്ടിയമ്മ മന്ത്രിയെന്ന നിലയിലും രാമചന്ദ്രൻ എം.എൽ.എ എന്ന നിലയിലും അവരുടെ മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ ആർക്കുമില്ല രണ്ട് പക്ഷം. പക്ഷെ വികസനം എത്തിക്കുന്നതിലുപരി ജനങ്ങളോടുള്ള പൊതുവായ സമീപനത്തിലും ഇടപെടലുകളിലും ജനപ്രതിനിധികൾ മാറ്റം വരുത്തേണ്ടതുണ്ടെന്ന യാഥാർത്ഥ്യത്തിന് ഒരിയ്ക്കൽക്കൂടി അടിവരയിടുന്നതാണ് ഇരുവരുടെയും തോൽവി. എന്നാൽ പാർട്ടികളുടെ താത്വിക അവലോകനങ്ങളിൽ ഇക്കാര്യം സ്ഥാനം പിടിയ്ക്കാതെ പോകുമ്പോഴാണ് ഉത്തമന്മാരുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ നേതാക്കൾ വരട്ട് വാദങ്ങൾ ഉന്നയിക്കുന്നത്.