risana-rinsana

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മരണം മൂന്നായി. മലപ്പുറത്ത് രണ്ട് കുട്ടികളും കൊല്ലത്ത് വയോധികനുമാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ടാണ് വയോധികൻ മരിച്ചത്. കൊല്ലം നാഗമല സ്വദേശി ഗോവിന്ദരാജാണ്(65) മരിച്ചത്.

കനത്ത മഴയിൽ വീട് തകർന്ന് വീണാണ് കുട്ടികൾ മരിച്ചത്. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ഒൻപതുവയസുകാരി റിസാനയും ഏഴ് മാസം പ്രായമുള്ള റിന്‍സാനയുമാണ് മരിച്ചത്.പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

home

ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും, നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്-പാലക്കാട് റോഡിൽ വെള്ളം കയറി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടിരുന്നെങ്കിലും ഇത് ഭാഗികമായി പുനസ്ഥാപിച്ചു. വെള്ളം കയറിയതിനെത്തുടർന്ന് അതിരപ്പിള്ളി റോഡ് അടച്ചു.നെല്ലിയാമ്പതി ചുരത്തിൽ റോഡിലേക്ക് മരംവീണു.

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറി. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. കാഞ്ഞിരപ്പുഴ,പിച്ചി,പറമ്പിക്കുളം, തുണക്കടവ് എന്നീ ഡാമുകൾ തുറന്നു. കൊല്ലം പുനലൂരിൽ ഇരുപത്തിയഞ്ചോളം വീടുകളിൽ വെള്ളം കയറി. എറണാകുളം താളുകണ്ടം പൊങ്ങിൻചുവട് ആദിവാസി കോളനികളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ആലുവ മണപ്പുറത്ത് ജലനിരപ്പുയരുന്നു.