pooja

അക്ഷരമെന്നാൽ ക്ഷരം (നാശം) ഇല്ലാത്തത്, ക്ഷയിക്കാത്തത്, അനന്തമായത് എന്നാണർത്ഥം. അക്ഷരാത്മികതയാണ് ദുർഗ. അതിനാലാണ് വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതും മുതിർന്നവർ കുട്ടികളുടെ മനസോടെ വീണ്ടും വിദ്യാരംഭം കുറിക്കുന്നതും. സർവലോക പരിപാലകയും സർവ ഐശ്വര്യദായികയുമായ ജഗദംബികയുടെ പൂജയാണ് നവരാത്രികാലത്ത് നടക്കുന്നത്. ദേവിയുടെ ഓരോ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കല്‌‌പത്തെയാണ് ഈ ഒൻപതുനാളുകളിലും ഭക്തർ സ്തുതിക്കുക. നവരാത്രി സങ്കല്‌‌പത്തെയും, ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് വ്യക്തമാക്കാം.

എന്തായിരിക്കണം നവരാത്രി നാളുകളിലെ പ്രാർത്ഥന? നവരാത്രികളെ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ടത് എങ്ങനെയായിരിക്കണം?

മഹിഷാസുരന്റെ ജനനസ്ഥലം ഇന്നത്തെ മൈസൂരിലാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ദസറ നവരാത്രി ആഘോഷങ്ങൾ അവിടെ കേമമാകാൻ കാരണം. ചണ്ഡ എന്ന് പറയുന്ന ചാമുണ്ഡേശ്വരി തന്നെയാണ് അവിടെ പ്രധാന പ്രതിഷ്ഠ. കേരളത്തിലേക്ക് വരുമ്പോൾ ഇതിന് അല്‌പം മാറ്റം വരും. പലതരത്തിലാണ് ഇവിടെ പൂജ. അഷ്ടമി വരുന്ന ദിവസം ഗ്രന്ഥം വച്ച് മഹാനവമിക്കും വിജയദശമിക്കുമാണ് കേരളത്തിൽ നവരാത്രികളിലെ പ്രധാനപൂജ. സരസ്വതിയെയും ഗണപതിയെയും മാത്രമായിട്ട് പൂജിക്കുന്നവരുണ്ട്. സരസ്വതി, ഗണപതി, വേദവ്യാസൻ, ദക്ഷിണാമൂർത്തി, ശ്രീകൃഷ്ണൻ ഇങ്ങനെ പൂജിക്കുന്നവരുണ്ട്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഭാവങ്ങളിൽ യഥാക്രമം മൂന്ന് ദിവസങ്ങളിലായി ആകെ ഒമ്പത് ദിവസവും പൂജിക്കുന്നവർ ഏറെയാണ്.

നവരാത്രിയിലെ പ്രാർത്ഥന

ശത്രുജയമാണ് നവരാത്രിപൂജയുടെ ഫലം. ശത്രുസംഹാരമെന്നുപറഞ്ഞാൽ ബാഹ്യമായി എതിർക്കുന്ന, അല്ലെങ്കിൽ നമ്മെ ആയുധം കൊണ്ട് നേരിടുന്ന ശത്രുക്കൾ എന്നല്ല. നമ്മിൽ ആന്തരികമായിരിക്കുന്ന കാമ, ക്രോധ, മോഹ, മദ, ലോഭ, മാത്സര്യ എന്നീ ഷഡ് വൈരികളെയും ജയിക്കണം എന്നാണ് ഇതിനർത്ഥം. ഈ ഷഡ് വൈരികളെയും ജയിച്ച് സാത്വിക സ്വഭാവം ഉണ്ടായി, ലോകത്തിന് ഉപകാരമായിരിക്കുന്ന സകല വിദ്യകളെയും ആഗിരണം ചെയ്യാനുള്ള കഴിവ് ഉണ്ടാകണമേ എന്നതായിരിക്കണം നവരാത്രിയിലെ പ്രാർത്ഥന. ഒരു വർഷത്തിൽ നാല് നവരാത്രികൾ ഉണ്ടെങ്കിലും ശരത്കാലത്തിലെ നവരാത്രിക്കാണ് പ്രാധാന്യം കൂടുതൽ. ഈ ഒമ്പത് ദിവസവും തന്റെ ഉപാസനാ മൂർത്തിയെ മാത്രം ഭജിക്കുന്നവരുണ്ട്. കാരണം ആ ഉപാസനയ്ക്ക് ശക്തികിട്ടുന്ന കാലഘട്ടമാണ് ഈ ഒമ്പത് ദിവസം. മറ്റുള്ള സമയത്തേക്കാൾ ഫലം അധികം ലഭിക്കും. പുരാണങ്ങൾ പലവിധത്തിലാണ്. ഇവയിൽ ഓരോന്നിലും പ്രതിപാദിച്ചിട്ടുള്ള പൂജാവിധികളും പലവിധമാണ്. എങ്കിലും അതിലെ വിധിപ്രകാരം കർമ്മം അനുഷ്ഠിച്ചാൽ ഫലം സുനിശ്ചിതമാണ്.


ആരായിരിക്കണം ഗുരു ?

ഭസ്മം ധരിച്ച് രുദ്രാക്ഷമാലയണിഞ്ഞ് കാവിവസ്ത്രം ഇട്ടതുകൊണ്ടൊന്നും ഗുരുവാകാൻ പോകുന്നില്ല. സമ്പത്ത് വന്നാൽ സന്തോഷമില്ല സമ്പത്ത് പോയാൽ ദു:ഖവുമില്ല, വയറുനിറയെ ആഹാരം കഴിച്ചാലും ദിവസങ്ങളോളം പട്ടിണി കിടന്നാലും ഒരുപോലെ. വെള്ളം, അഗ്നി, വായു എന്നിവയാൽ ദോഷങ്ങൾ സംഭവിക്കരുത്, ആകാശ സഞ്ചാരിയായിരിക്കണം. ഇത്യാദി ഗുണങ്ങൾ ഉള്ളയാളാണ് യഥാർത്ഥ ഗുരു. അപ്പോൾ ഗുരു എന്നാൽ സാക്ഷാൽ ജഗദീശ്വരൻ മാത്രമാണ്. ആ ഈശ്വരകടാക്ഷം ലഭിച്ച ഗുരുനാഥരാണ് ശ്രീരാമകൃഷ്ണ പരമഹംസരും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയുമൊക്കെ. വേഷം കണ്ട് അതെല്ലാം ഗുരുവാണെന്ന് വിചാരിച്ച് പുറപ്പെട്ടാൽ ആ യാത്ര ഒരിടത്തും എത്താൻ പോകുന്നില്ല.

നവരാത്രികളെ വിദ്യാർത്ഥികൾ

സ്വീകരിക്കേണ്ടതെങ്ങനെ ?

ഈ ഒമ്പത് ദിവസവും രാവിലെ കുളിച്ച് ഈശ്വരധ്യാനം ചെയ്യണം. ശുദ്ധഭക്ഷണം തന്നെ കഴിക്കണം. ഒമ്പത് ദിവസത്തെ വ്രതാനുഷ്ഠാനം കൊണ്ട് ശരീരത്തിനും മനസിനും ശാന്തത കൈവരുത്തുകയാണ് വേണ്ടത്. ഉഴുതുമറിച്ച നിലത്തിലെ വിത്ത് മുളയ്ക്കുകയുള്ളൂ എന്ന് പറയുന്നതുപോലെ, വിജയദശമി നാളിൽ ഗുരുവിന്റെ ഉപദേശം സ്വീകരിക്കുന്നതിനായി ഓരോ വിദ്യാർത്ഥിയും സ്വയം സജ്ജമാകുന്ന ദിനങ്ങളാണ് നവരാത്രി. വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് മുഹൂർത്തം നോക്കേണ്ട കാര്യമില്ല. എല്ലാ ഉപദേശങ്ങൾക്കും വിദ്യാദാനത്തിനും വിജയദശമി നാളിൽ പ്രാധാന്യം ഏറാൻ കാരണവും ഇതുതന്നെയാണ്.

വിദ്യാരംഭം നൽകാൻ

യോഗ്യർ ആരൊക്കെ?

ആരായിരിക്കണം ഗുരു എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ഇവിടെയും പ്രസക്തം. എന്നാൽ ആ ലക്ഷണങ്ങൾ ഉള്ളവരെ ഇക്കാലത്ത് എത്രകണ്ട് ലഭ്യമാകും. അങ്ങനെയുള്ളവരുണ്ടെങ്കിൽ മാത്രമേ അക്ഷരാഭ്യാസം നടത്താവൂ എന്ന് പറഞ്ഞാൽ എല്ലാവരും നിരക്ഷരരായി പോകില്ലേ? അതുകൊണ്ട് അച്ഛൻ, അമ്മ, അമ്മാവൻ, ഗുരുസ്ഥാനീയർ എന്നിവർക്കെല്ലാം വിദ്യ പകർന്നുനൽകാം.

പണ്ട് കാലങ്ങളിൽ അരിയിൽ മാത്രമായിരുന്നു വിദ്യാരംഭം കുറിക്കുക പതിവ്. കാളിദാസന് ഭദ്രകാളി തന്റെ വാളുകൊണ്ട് നാവിൽ വിദ്യപകർന്നുകൊടുത്തു എന്ന് പറയപ്പെട്ടതിന് ശേഷമാണ് സ്വർണം ഉപയോഗിക്കാൻ തുടങ്ങിയത്. കൊവിഡ് കാലഘട്ടമായതിനാൽ സ്വർണം ഉപയോഗിച്ച് അക്ഷരം കുറിക്കുന്നതിൽ സർക്കാരിന്റെ നിയന്ത്രണം വന്നിട്ടുണ്ടല്ലോ? ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നല്ലതു തന്നെയാണ്. എന്നാൽ സ്വർണം എന്ന ലോഹത്തിന് ഏതൊരു അശുദ്ധിയും ഇല്ലെന്ന് മനസിലാക്കുക. ഒരു തരത്തിലും നശിപ്പിക്കാൻ കഴിയുന്ന ഒന്നല്ല സ്വർണം.

( ജ്യോതിഷ പണ്‌ഡിതനാണ് ലേഖകൻ)