nia

ന്യൂഡൽഹി: ലക്ഷ്മി നഗറിലെ രമേശ് പാർക്കിന് സമീപത്ത് നിന്നും ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയ ഭീകരന് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയവരെ തപ്പി രാജ്യവ്യാപകമായി റെയ്ഡ്. നവരാത്രി ദിനത്തിൽ സ്ഫോടനം നടത്തുകയായിരുന്നു പിടിയിലായ തീവ്രവാദിയുടെ ലക്ഷ്യം എന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ സഹായിച്ചവർക്കു വേണ്ടിയാണ് കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തുന്നത്. ഉത്തരേന്ത്യയിൽ മാത്രം 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഉത്തർപ്രദേശ്, ന്യൂഡൽഹി, ജമ്മു കാശ്മീർ എന്നിവിടങ്ങളിലാണ് പ്രധാനമായും എൻ ഐ എ റെയ്ഡുകൾ നടത്തുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ക്ക് സാമ്പത്തിസഹായം നല്‍കുന്നവരെയാണ് മുഖ്യമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി കാശ്മീരിൽ ഭീകരപ്രവർത്തനം വർദ്ധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയ്ഡ് നടത്തുന്നത്. അതിനൊപ്പം ഗുജറാത്തിലെ മുന്ദ്ര തീരത്തു നിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയതും അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. മാവോയിസ്റ്റുകളെ തേടിയാണ് കേരളത്തിലും തമിഴ്‌നാട്ടിലും റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിലെ പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. കേരളത്തില്‍ വച്ച് പിടിയിലായ മാവോയിസ്റ്റ് നേതാവുമായി ബന്ധമുള്ളവരെയാണ് അന്വേഷിക്കുന്നത്.