അഭിനയത്തിന്റെയും ജീവിതത്തിന്റെയും നേർത്ത നൂലിഴകൾ പൊട്ടാതെ വേഷത്തിനൊത്ത ഭാഷയിൽ ജീവതാളം ലയിപ്പിച്ചാടിയ നെടുമുടി വേണു ഒരു വിസ്മയമായിരുന്നു. കുലംകുത്തിയൊഴുകി വരുന്ന ഇടവപ്പാതിയിൽ തോടും റോഡും കരയും കായലും വയലും വഴിയും തിരിച്ചറിയാൻ കഴിയാതെ പോകുന്ന 'നെടുമുടി" എന്ന ചെറു ഗ്രാമത്തെ അച്ചടിയന്ത്രങ്ങളിലും വെള്ളിത്തിരകളിലും മായാത്ത പേരായി എഴുതി ചേർത്ത വേണുവിന്റെ അറിവുകളും അപാരമായിരുന്നു. നെടുമുടിയിൽ നിന്ന് കൊടുമുടിയോളം വളർന്നിട്ടും മരണം വരേയും നെടുമുടിക്കാരനായി ജീവിക്കാനാണ് വേണു ശ്രമിച്ചത്.
കുട്ടനാടിന്റെ സംസ്കാരവും താളബോധവും ജീവിതശൈലിയും നാട്ടുനന്മകളും നെയ് വിളക്കിന്റെ തിരിനാളമായി നെടുമുടി നെഞ്ചിൽ കൊണ്ടു നടന്നിരുന്നു. വായനയിലൂടെ നേടിയ അറിവുകളുടെ വലിയൊരു ലോകമാണ് നെടുമുടി വേണു. മാദ്ധ്യമ പ്രവർത്തകർക്ക് ഏത് വിഷയത്തെ കുറിച്ചും അഭിപ്രായം തേടാൻ കഴിയുന്ന കേരളത്തിലെ അപൂർവം ഒരാളായിരുന്നു അദ്ദേഹം.
സിനിമയുടെ വെള്ളി വെളിച്ചത്തിലായിരുന്നപ്പോഴും കഴിഞ്ഞു പോയ കാലത്തിന്റെ ഹൃദയത്തിലെ ഉള്ളറകളിൽ അദ്ദേഹം സ്നേഹിച്ചിരുന്നത് നാടകത്തെയാണ്.കാവാലം നാരായണ പണിക്കർ മനസിൽ കണ്ട നാടകത്തിന്റെ പുതുവഴികളെല്ലാം വേദിയിൽ വേണു പൂർണതയോടെ വെട്ടിത്തെളിച്ചു.പാട്ടിനൊത്ത താളവും താളത്തിനൊത്ത ചുവടുകളും ചുവടുകൾക്കൊത്ത ഭാവവും ഭാവത്തിനൊത്ത വാക്കുകളുമായി വേദിയിൽ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചപ്പോൾ നാടകാസ്വാദകരുടെ മനസിൽ കസേരയിട്ട് ഇരിക്കാൻ നെടുമുടി വേണുവിന് കഴിഞ്ഞു. മലയാള ഭാഷയുടെ വാമൊഴി വഴക്കത്തെ നാടകത്തിലൂടെ ഇത്രയേറെ സ്ഫുടതയോടെ അവതരിപ്പിക്കാൻ നെടുമുടി വേണുവിന് മാത്രമേ സാധിച്ചിട്ടുള്ളൂ.നാട്ടറിവുകളും നാടൻ പാട്ടുകളും നാടൻ കലകളും ആവോളം മനസിലുള്ളതു കൊണ്ടാണ് നാടകത്തിന്റെ പുതുവഴി വെട്ടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായത്.
സ്നേഹത്തിന്റെ അത്ഭുതകരമായ ശക്തി കൊണ്ട് അഭിനയിക്കാനും ഹൃദയത്തിന്റെ ഭാഷയിൽ പ്രേക്ഷകരോട് നേരിട്ട് സംസാരിക്കാനും കഴിയുന്നതു കൊണ്ടാണ് നെടുമുടി വേണുവിന് നാടകം ജീവശ്വാസമായത്. നാട്ടിൻപുറത്തുകാരനായ പച്ചയായ മനുഷ്യന്റെ പച്ചയായ അഭിനയമാണ് നെടുമുടി നാടകവേദിയിൽ കാഴ്ചവച്ചത്.
മലയാളത്തിലെ പന്ത്രണ്ട് മാസങ്ങൾക്കും പന്ത്രണ്ട് നിറങ്ങളും പന്ത്രണ്ട് മണങ്ങളും പന്ത്രണ്ട് രുചികളും കലാപരമായ പന്ത്രണ്ട് വൈവിദ്ധ്യങ്ങളും ഉണ്ടായിരുന്നുവെന്ന് വേറിട്ട അനുഭവങ്ങളിലൂടെ പ്രകൃതിയെ നിരീക്ഷിക്കുകയും സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന ഒരാളാണ് നെടുമുടി വേണു. ഒരിക്കൽ ഈ അനുഭവങ്ങൾ അദ്ദേഹം വാരാന്ത്യകൗമുദിക്ക് വേണ്ടി പങ്കുവച്ചിരുന്നു.
അഞ്ഞൂറോളം സിനിമകളിലൂടെ അഞ്ഞൂറോളം വേഷങ്ങൾ അഭിനയിച്ചിട്ടും അഭിനയിച്ചു കൊതി തീരാത്ത അഭിനയ വിദ്യാർത്ഥിയെ പോലെയായിരുന്നു നെടുമുടി വേണുവിന്റെ മനസ്. സമസ്ത വേഷങ്ങളും കെട്ടിയാടി. നിഷ്കളങ്കതയിൽ നിന്ന് നിഷ്ഠൂരനാകാനും കൗമാരത്തിൽ നിന്ന് വാർദ്ധക്യത്തിലാകാനും ഹാസ്യത്തിൽ നിന്ന് ഗൗരവക്കാരനാകാനും നമ്പൂതിരിയിൽ നിന്ന് പള്ളീലച്ചനാകാനും പള്ളീലച്ചനിൽ നിന്ന് മുക്രിയാകാനും രാജാവിൽ നിന്ന് പ്രജയാകാനും പ്രജയിൽ നിന്ന് തെരുവ് തെണ്ടിയാകാനും നെടുമുടി വേണുവിന് നിമിഷങ്ങൾ മാത്രം മതി.'വൈശാലി"യിലെ കൗശലക്കാരനും ക്രൂരനുമായ രാജഗുരുവിൽ നിന്ന് 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട" ത്തിലെ മാഷായ നെടുമുടി വേണുവിന്റെ പകർന്നാട്ട മികവും തികവും മലയാളിക്ക് മറക്കാൻ കഴിയില്ല. സിനിമയിലും ജീവിതത്തിലും സൗഹൃദം വളർത്തിയെടുക്കാൻ നെടുമുടി വേണുവിന് തലമുറ മാറ്റവും തടസമായില്ല.
'സാന്ത്വനം" എന്ന സിനിമയിൽ നെടുമുടി വേണുവും സുരേഷ് ഗോപിയും കൂട്ടുകാരെ പോലെ ജീവിച്ചിരുന്ന അച്ഛനും മകനുമായിരുന്നു. അച്ഛനെ ധിക്കരിച്ച മകനോട് വർഷങ്ങളോളം പിണങ്ങിയിരുന്നു. അമേരിക്കയിൽ മകൻ മരിച്ചതറിയാതെ മകനോടുള്ള ദേഷ്യം സ്നേഹത്തിൽ പൊതിഞ്ഞു നടന്നിരുന്ന അച്ഛൻ. മകന്റെ കൂട്ടുകാരനിൽ നിന്നും അപ്രതീക്ഷിതമായി മകന്റെ മരണമറിഞ്ഞപ്പോൾ മനസുലഞ്ഞുടഞ്ഞ് ശരീരം തളർന്നു പോയ നെടുമുടി വേണു കസേരയിലിരുന്നു.
മകനെ കാണണമെന്നും മാപ്പ് കൊടുക്കണമെന്നുമുള്ള സഫലീകൃതമാകാത്ത ആഗ്രഹം ഭൂതകാലത്തിന്റെ നൊമ്പരങ്ങളും കരുവാളിപ്പുകളുമായി കരളിൽ കുത്തി നോവിച്ചിട്ടും ഒരിറ്റ് കണ്ണീരു പോലുമില്ലാതെ പ്രാണൻ പിടയുന്ന വേദനയോടെ നെടുമുടി വേണു ചുമരിൽ തലചാരുന്ന ഒരു രംഗമുണ്ട്. ഒരു പക്ഷേ,അപ്രതീക്ഷിതമായി നെടുമുടി വേണുവിന്റെ മരണമറിഞ്ഞ ഓരോ മലയാളിയും ഈ രംഗമായിരിക്കും അനുഭവിച്ച് വേദനിച്ചിട്ടുണ്ടാകുക.