പലവിധരോഗങ്ങൾ പലരിലും ഒരുമിച്ചുണ്ടാകുന്ന കാലമാണിത്. ഒരേ കാരണം തന്നെ പല രോഗങ്ങൾ ഉണ്ടാക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ഒരേസമയം പല രോഗങ്ങൾക്കായി പല മരുന്നുകൾ കഴിക്കേണ്ടിവരികയും ചികിത്സയ്‌ക്കായി പല ഡോക്ടർമാരെ കാണേണ്ടിവരികയും ചെയ്യുന്ന രോഗികൾ കൂടിവരികയാണ്. ഇവയിൽ ഓരോ രോഗവും പലരിലും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നവയോ, അവയെ നിയന്ത്രണത്തിലാക്കുന്നതിന് തുടർച്ചയായി മരുന്ന് കഴിച്ചുകൊണ്ടിരിക്കേണ്ടവയോ ആണ്. മരുന്നിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കണമെങ്കിൽ ഭക്ഷണ വസ്തുക്കളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എന്നാൽ, എന്ത് ഭക്ഷണം കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന കാര്യത്തിൽ പലർക്കും സംശയമാണ്. പല രോഗങ്ങളുള്ളതിനാൽ അവയ്ക്കൊക്കെ വ്യത്യസ്തമായ രീതികളാണ് ശീലിക്കേണ്ടതെന്നതിനാലും സംശയം വർദ്ധിക്കുന്നവരായും ആശയക്കുഴപ്പമുള്ളവരായും രോഗികൾ മാറുന്നു.
ഭക്ഷണത്തിലെ ഗുണവും ദോഷവും
ഓരോ ഭക്ഷ്യവസ്തുവിന്റെയും ഗുണവും ദോഷവും അറിയാതെ ഒരവസ്ഥയിലും അവയെ പ്രയോജനപ്പെടുത്താനാകില്ലെന്നതാണ് വാസ്തവം. കഴിക്കുന്ന ഒരാഹാരം കൊണ്ട് ഒരു രോഗത്തിന് ശമനമുണ്ടാകുന്നതിനൊപ്പം മറ്റൊരു രോഗത്തിന് വർദ്ധനയുണ്ടാകാനും സാദ്ധ്യതയുണ്ട്. എന്നാൽ, അവ തിരിച്ചറിയുകയും കൂടുതൽ പ്രയോജനമുണ്ടാകുന്നവിധം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ചില ഉദാഹരണങ്ങൾ പറയാം. ഗോതമ്പ് പ്രമേഹരോഗത്തിൽ പ്രയോജനപ്പെടുമെങ്കിലും ഗ്ലൂട്ടൺ അലർജിയുള്ളവരിൽ അത് വയറുവേദനയും അലർജിരോഗങ്ങളുമുണ്ടാക്കും. ജലദോഷം, ചുമ, ശ്വാസംമുട്ട് തുടങ്ങിയ കഫരോഗങ്ങൾക്ക് പ്രയോജനപ്പെടുന്ന തേൻ മലബന്ധം ഉണ്ടാക്കും. കഫരോഗങ്ങളും വേദനയും കുറയുന്നതിന് ചുക്ക് ഉപകാരപ്പെടുമെങ്കിലും അത് സുഖശോധനയ്ക്ക് തടസമുണ്ടാക്കാം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പുളിയുള്ള പഴങ്ങളായ മുസംബി,ഓറഞ്ച്,നാരങ്ങ, പൈനാപ്പിൾ,ഗ്രേപ്സ് എന്നിവ ഉപയോഗിക്കാമെങ്കിലും ശ്വാസകോശ സംബന്ധമായ അലർജി വർദ്ധിക്കാൻ അത് കാരണമായേക്കും. തക്കാളി ദേഹബലം വർദ്ധിപ്പിക്കുന്നതാണെങ്കിലും അർട്ടിക്കേറിയ അഥവാ ശരീരത്തിൽ തിണർപ്പ് ഉണ്ടാകുന്നതിന് അത് കാരണമായേക്കാം. അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് ചീത്തകൊളസ്ട്രോൾ കുറയ്ക്കുമെങ്കിൽകൂടി അർട്ടിക്കേറിയയ്ക്ക് കാരണമായേക്കാം. വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണെങ്കിലും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. പുളിച്ചിക്ക ദഹനത്തിനും കൊളസ്ട്രോളിനും ഉപകാരപ്പെടുമെങ്കിലും കാൽസ്യം ഓക്സലേറ്റ് വിഭാഗത്തിൽപ്പെട്ട കല്ലുകൾ രൂപപ്പെടുന്നതിന് കാരണമായേക്കാം. ശരീരത്തെ തണുപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന കരിക്കിൻവെള്ളം പ്രമേഹത്തേയും പ്രമേഹത്തിന് ഗുണകരമായ ഉലുവ വാതരോഗത്തേയും ഉണ്ടാക്കാം. കാത്സ്യത്തെ വർദ്ധിപ്പിക്കാൻ ഉപയോഗിക്കാവുന്ന പാൽക്കട്ടിയിലെ ടൈറാമിൻ തൈറോയ്ഡ് രോഗത്തെ വർദ്ധിപ്പിക്കാൻ ഇടയുണ്ട്. ദഹനത്തെ വർദ്ധിപ്പിക്കുന്നതിനായി കുടിക്കുന്ന ചൂടുവെള്ളം അസിഡിറ്റിയേയും വർദ്ധിപ്പിച്ചെന്നിരിക്കും. മലശോധന ലഭിക്കാൻ ഉപകാരപ്പെടുന്ന പഴവർഗ്ഗങ്ങൾ പ്രമേഹത്തെ വർദ്ധിപ്പിക്കും. അധികസമയം ഊർജ്ജം ലഭിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന സംസ്കരിച്ച ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം പ്രമേഹത്തെ വർദ്ധിപ്പിക്കും. അച്ചാറുകൾ രുചിയെ വർദ്ധിപ്പിക്കുന്നതോടൊപ്പം ദഹനപ്രശ്നങ്ങളുമുണ്ടാക്കും.
ശരീരത്തിന് പുഷ്ടിയുണ്ടാക്കുന്ന മാംസാഹാരംതന്നെ കൊഴുപ്പിനേയും യൂറിക്കാസിഡിനേയും വർദ്ധിപ്പിക്കും. കാഷ്യൂനട്ട് ആരോഗ്യത്തിന് നല്ലതാണെങ്കിലും അലർജി രോഗങ്ങളെയും ഫാറ്റിലിവറിനേയും വർദ്ധിപ്പിക്കാം. പ്രമേഹ രോഗികൾക്ക് ധാന്യങ്ങൾക്ക് പകരമായി ചോളവും ഉപയോഗിക്കാമെങ്കിലും അത് തൈറോയ്ഡ് രോഗത്തെ വർദ്ധിപ്പിക്കും. മരച്ചീനി മലശോധനയ്ക്കും പോഷണത്തിനും നല്ലതാണെങ്കിലും പ്രമേഹത്തേയും തൈറോയ്ഡിനേയും വർദ്ധിപ്പിക്കുമെന്ന് അറിയാമല്ലോ. ഉഴുന്ന് ശരീരപോഷണത്തിന് നല്ലതാണെങ്കിലും ഗ്യാസിനെ വർദ്ധിപ്പിക്കും. ഈത്തപ്പഴവും ഏത്തപ്പഴവും ശരീരപോഷണത്തിന് ഗുണപ്പെടുന്നതിനൊപ്പം പ്രമേഹരോഗത്തെ വർദ്ധിപ്പിക്കുന്നതാണ്.
കോഴിമുട്ടയും കോഴിയിറച്ചിയും ശരീരബലം നൽകുമെങ്കിലും അർശസ്സിനേയും ഭഗന്ദരത്തേയും(ഫിസ്റ്റുല) വർദ്ധിപ്പിക്കും. കുടലിനുള്ളിലെ ചില ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് തൈര് ഉപയോഗപ്പെടുമെങ്കിലും ശരീരത്തിൽ നീരുണ്ടാകുന്നതിന് കാരണമാകും. ബുദ്ധി, ദഹനം, ഓർമ്മശക്തി എന്നിവ നെയ്യ് വർദ്ധിപ്പിക്കുമെങ്കിലും ശരീരത്തിൽ കൊഴുപ്പിന്റെ അംശവുംകൂടി വർദ്ധിപ്പിക്കുന്നതാണ്.
മുന്തിരി രക്തത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനൊപ്പം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് വയറിളക്കം ഉണ്ടാകുവാനും കാരണമാകും. അയലമീനും ചൂരയും ആരോഗ്യത്തിന് ആവശ്യമുള്ളവയാണെങ്കിലും അലർജിയുള്ളവർക്ക് നല്ലതല്ല. ആട്ടിറച്ചി ശരീരപോഷണത്തിന് നല്ലതാണ്. എന്നാൽ വൃക്കരോഗികൾക്ക് നല്ലതല്ല. മാതളം അഥവാ ഫോമഗ്രനേറ്റ് പ്രോസ്റ്റേറ്റ് രോഗമുള്ളവരുടെ വേദന ശമിപ്പിക്കുമെങ്കിലും മലബന്ധത്തെ ഉണ്ടാക്കും.പാവയ്ക്ക പ്രമേഹരോഗത്തിന് നല്ലതാണെങ്കിലും വാതരോഗത്തെ വർദ്ധിപ്പിക്കും. തവിടുള്ളധാന്യങ്ങൾ പ്രമേഹത്തിൽ നല്ലതും എന്നാൽ മലശോധന വർദ്ധിപ്പിക്കുന്നതുമാണ്. തവിടില്ലാത്തധാന്യങ്ങൾ മലശോധനയെ കുറയ്ക്കുകയും പ്രമേഹത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. ജലദോഷമുള്ളവർക്ക് ചെറിയചൂടുള്ള ചായ ഗുണകരമാണെങ്കിലും അസിഡിറ്റി വർദ്ധിപ്പിക്കാം.
വിരുദ്ധ ആഹാരം ആരുത്!
നമ്മളുപയോഗിക്കുന്ന എന്തിന്റേയും ഗുണവും ദോഷവുംകൂടി മനസ്സിലാക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത് ഇതുകൊണ്ടാണ്.
ഇത്തരത്തിൽ നമ്മൾ ഉപയോഗിക്കുന്ന ആഹാരംപോലും ഒന്നിന് ഗുണപ്പെടുമ്പോൾ മറ്റൊരു അസുഖത്തിന് കാരണമായി ഭവിക്കുന്നു. എന്നാൽ, നമുക്ക് ഉപയോഗിക്കാതിരിക്കാൻ സാധിക്കുന്ന ഒന്നല്ല ആഹാരം. ഒന്നിലേറെ അസുഖങ്ങളുള്ളവർ പരസ്പര വിരുദ്ധമായ ആഹാരം ഉപയോഗിക്കേണ്ടിവരുന്നത് ഒന്നല്ലെങ്കിൽ മറ്റൊരു അസുഖത്തെ വർദ്ധിപ്പിക്കാൻ ഇടയാക്കും. ആഹാരത്തിന്റെ കാര്യം ഇങ്ങനെയാണെങ്കിൽ പിന്നെ മരുന്നിന്റെ കാര്യം പറയേണ്ടതില്ലല്ലോ? അതിനാൽ പല രോഗങ്ങളുള്ളവർ ഒന്ന് മറ്റൊന്നിനെ വഷളാക്കാത്തവിധത്തിൽ ആഹാരവും മരുന്നും ഉപയോഗിക്കാൻ ജാഗ്രതയുള്ളവരാകേണ്ടതാണ്.