road

തിരുവനന്തപുരം: സംസ്ഥാന റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള കരമന - വെള്ളറട റോഡ് പദ്ധതിയുടെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കൽ ഉടൻ തുടങ്ങും. റോഡിന്റെ അതിർത്തി രേഖപ്പെടുത്തലും കല്ല് സ്ഥാപിക്കലും പൂർത്തിയായിക്കഴിഞ്ഞു. റോഡ് വികസനത്തിനായി ഭൂമി വിട്ടുനൽകുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി 2013ലെ നിയമം അനുസരിച്ച് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

 രണ്ട് ഘട്ടം,​ ആകെ 35.5 കിലോമീറ്റർ

പൂജപ്പുര,​ പേയാട്,​ കാട്ടാക്കട,​ കള്ളിക്കാട് വഴി വെള്ളറട എത്തുന്ന റോഡിന് ആകെ 35.5 കിലോമീറ്റ‍ർ ദൂരമാണുള്ളത്. ഇതിൽ ആദ്യത്തെ 5.5 കിലോമീറ്റർ റോഡിനായി സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തിന്റെ വിജ്ഞാപനമാണ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 20 കിലോമീറ്റർ മുതൽ 35 കിലോമീറ്റർ വരെ സാമൂഹ്യ ആഘാത പഠനം പൂർത്തിയായിട്ടുണ്ട്. രണ്ട് ഘട്ടമായാണ് റോഡ് വികസനം നടത്തുന്നത്. ആദ്യ ഘട്ടത്തിൽ 20 കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 15.5 കിലോമീറ്ററുമാണ് വികസിപ്പിക്കുക. 255.3 കോടിയുടെ ഡി.പി.ആ‍ർ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെങ്കിലും അന്തിമ അംഗീകാരം നൽകിയിട്ടില്ല. 2016ൽ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകിയിരുന്നു.

സംസ്ഥാന വികസന പദ്ധതിയിലെ അപ്ഗ്രഡേഷൻ പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് വികസിപ്പിക്കാൻ 2016ൽ തീരുമാനിച്ചത്. ഇതിനായി 8.375 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 21.44 കോടി രൂപയുടെ ഭരണാനുമതിയും നൽകി. എസ്റ്റാബ്ലിഷ്‌മെന്റ് ചാർജിനും കണ്ടിജൻസി ചാർജിനുമായി സർക്കാർ അനുവദിച്ച 7.50 കോടിയിൽ നിന്ന് 1.07 കോടി രൂപ റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി റിക്ക് ലിമിറ്റഡ് പൂർത്തിയാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 കുരുക്കിന് അവസാനമാകും


തിരുവനന്തപുരം - കാട്ടാക്കട - വെള്ളറട റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിന് അന്ത്യം കുറിക്കുന്നതാകും ഈ റോഡ് വികസനം. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിലവാരം അനുസരിച്ചായിരിക്കും വികസനം നടപ്പാക്കുക. ഓടകൾ,​ ഫുട്പാത്തുകൾ,​ തെരുവ് വിളക്കുകൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. റോഡ് ഇൻഫ്രാസ്ട്രക്‌ചർ കമ്പനി കേരള ലിമിറ്റഡിന് (ആർ.ഐ.സി.കെ)​ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

കരമന - വെള്ളറട റോഡ് പദ്ധതിയെ ആശ്രയിച്ചാണ് കരമന - കുഞ്ചാലുംമൂട് റോഡിന്റെയും പൂജപ്പുര ജംഗ്ഷന്റെയും വികസനം. സരസ്വതി മണ്ഡപം അടക്കം സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തെ പ്രമുഖ സാംസ്‌കാരിക ഇടം കൂടിയാണ് പൂജപ്പുര ജംഗ്ഷൻ. എന്നാൽ,​ അടുക്കുന്തോറും കുപ്പിക്കഴുത്ത് പോലെ സ്ഥലമില്ലാതാകുന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. സരസ്വതീ മണ്ഡപം കൂടാതെ നഗരസഭയുടെ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്ന സ്റ്റേജ്, മൈതാനം, നൃത്താലയം, ആയുർവേദ ആശുപത്രി, പഞ്ചകർമ ചികിത്സാകേന്ദ്രം, ശ്രീചിത്ര റിസർച്ച് സെന്റർ, പൂജപ്പുര ജയിൽ, പരീക്ഷാഭവൻ, സ്‌കൂൾ തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂജപ്പുര മണ്ഡപത്തിലും പാർക്കിലും മൈതാനത്തും എത്തുന്നവരുൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും റോഡരികിലാണ്. അവധി ദിവസങ്ങളിൽ പ്രധാന പരിപാടികൾ നടക്കുമ്പോൾ തിരക്കേറും. കൊവിഡ് കാരണം ഇപ്പോൾ പരിപാടികൾ ഇല്ലെന്നതാണ് ഏക ആശ്വാസം. കരമന - വെള്ളറട റോഡിന്റെ വികസനം യാഥാർത്ഥ്യമാകുമ്പോൾ ഈ റോഡിലെ തിരക്കിനും ശാപമോക്ഷമാകും. ജഗതി, തിരുമല, കരമന ഭാഗങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങൾ പൂജപ്പുര ജംഗ്ഷനിലൂടെയാണ് കടന്നുപോകുന്നത്. വീതിക്കുറവ് കാരണം പലപ്പോഴും വാഹനങ്ങൾ ഒരുമിച്ചെത്തുന്നത് അപകടസാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. നാളുകളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പൂജപ്പുര, കുഞ്ചാലുംമൂട് റോഡിൽ അറ്റകുറ്റപ്പണികളൊന്നും ചെയ്യുന്നില്ല. റോഡിന്റെ വീതി കൂട്ടാനുള്ള ഭാഗങ്ങളിൽ കച്ചവടത്തിനുള്ള തട്ടുകളാണ്. കൂടാതെ,​ പാഴ് വസ്തുക്കളും കേടായ വാഹനങ്ങളും കൊണ്ടിട്ടിരിക്കുകയുമാണ്. കുഞ്ചാലുംമൂട് ഭാഗത്തെ റെയിൽവേ മേൽപ്പാലത്തിന് സമീപം ഇടുങ്ങിയ റോഡാണ്. വാഹനങ്ങൾ തിക്കിത്തിരക്കിയാണ് ഇതുവഴി കടന്നുപോകുന്നത്.