ഷൂട്ടിംഗ് തുടങ്ങിയതു മുതൽ സിനിമാ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമായിരുന്നു രശ്‌മി റോക്കറ്റ്. തപ്‌സി പന്നുവാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. സ്‌പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ഒക്ടോബർ 15 ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലൂടെ റിലീസിനെത്തുന്നു.
ആകർഷ് ഖുറാനയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് തപ്‌സി ചിത്രത്തിലെത്തുന്നത്. ഒരു ട്രാക്ക് അത്‌ലറ്റാണ് രശ്‌മി റോക്കറ്റിലെ തപ്‌സിയുടെ കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി ഏറെ കഷ്‌ടപ്പെട്ടതായി താരം തന്നെ പറഞ്ഞിട്ടുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലായി. പ്രിയാൻഷു പെയിൻയുളി, അഭിഷേക് ബാനർജി, സുപ്രിയ പതക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്ന വിലയിരുത്തലുകളുമുണ്ട്.