കാസർകോട്: നവംബറിൽ സ്‌കൂളുകൾ തുറക്കാനിരിക്കേ ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളുടെയും സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം പി.പി. ശ്യാമളാദേവി നിർദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കർത്തവ്യ വാഹകരുടെ കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വിദ്യാലയങ്ങൾ തുറക്കുന്നത് ലളിതമെന്ന് തോന്നാമെങ്കിലും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളിലൂടെ മാത്രമേ ദൗത്യം പൂർണമാകൂയെന്ന് ശ്യാമളാദേവി പറഞ്ഞു. വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ പങ്കെടുത്ത യോഗം സ്‌കൂൾ തുറക്കുന്നതോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ തീരുമാനിച്ചു. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന ക്ലാസ് മുറികൾ, ക്യാന്റീൻ, ലൈബ്രറി, ടോയ്ലറ്റ്, സ്‌കൂൾ ബസ് എന്നിവിടങ്ങൾ കൃത്യമായി സാനിറ്റൈസ് ചെയ്യും. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികളെ മാത്രം ഇരുത്തി ക്ലാസ് നടത്തും. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്‌കൂൾ ജീവനക്കാർക്കുമുള്ള കൃത്യമായ പരിശോധനകൾ ഉറപ്പു വരുത്തും. പരമാവധി പുറത്ത് നിന്നുള്ളവരുടെ പ്രവേശനം കുറക്കാനായി പി.ടി.എ യോഗങ്ങൾ സ്‌കൂൾ തുറന്നാലും ഓൺലൈനായി സംഘടിപ്പിക്കും. രണ്ട് ആഴ്ചയിൽ ഒരിക്കൽ അദ്ധ്യാപകർ വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇടയിലെ ബന്ധത്തിന് ഗുരുതരമായ വിള്ളൽ വന്നിരിക്കുന്നുവെന്നും ഇത് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. രക്ഷിതാക്കൾക്ക് പേരന്റിംഗ് സംബന്ധിച്ച ക്ലാസുകൾ നൽകാനും യോഗം നിർദേശിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് മുഖ്യ പ്രഭാഷണം നടത്തി. പെൺ കുഞ്ഞുങ്ങൾക്കെതിരെ വർദ്ധിക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ ഇടപെടലുകൾ കൂടിയേ തീരൂവെന്നും നല്ലതും ചീത്തയുമായ സ്പർശങ്ങളെക്കുറിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന രീതി ഇനിയും മാറേണ്ടതുണ്ടെന്നും അതിനായി സമൂഹത്തെയും കുഞ്ഞുങ്ങളെയും ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും കളക്ടർ പറഞ്ഞു.എ.എസ്.പി ഹരിശ്ചന്ദ്ര നായ്ക് സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.എ. ബിന്ദു സ്വാഗതവും അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് നന്ദിയും പറഞ്ഞു.