ദുബായ് : തേൻ വിറ്റതിന് യു എ ഇയിൽ മുപ്പത്തിയഞ്ച് കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുയിടങ്ങളിലും ട്രാഫിക് സിഗ്നലുകളിലുമാണ് അറബ് വംശജനായ ഇയാൾ തേൻ വ്യാപാരം നടത്തിയത്. കടകളിൽ ലഭിക്കുന്നതിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് ഇയാൾ തേൻ വിറ്റിരുന്നത്. എന്നാൽ വ്യാപാരത്തിനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. നിരവധി പരാതികൾ കൺട്രോൾ റൂമിൽ ലഭിച്ചതായും പൊലീസ് പറഞ്ഞു.
കിലോഗ്രാമിന് 20 ദിർഹത്തിന് വാങ്ങിയിരുന്ന തേൻ അമ്പത് ദിർഹത്തിനായിരുന്നു ഇയാൾ വിറ്റിരുന്നത്. എന്നാൽ വിസ പുതുക്കുന്നതിനുള്ള നടപടികളിലായിരുന്നതിനാലാണ് താൻ ലൈസൻസ് എടുക്കാതിരുന്നതെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇത് കൂടാതെ താൻ യാചന നടത്തി പണം വാങ്ങിയിട്ടില്ലെന്നും അറിയിച്ചു.