ന്യൂഡൽഹി: സവർക്കറെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും പൊറുക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരു വലിയ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹമെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഉദയ് മഹുർക്കർ രചിച്ച 'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ' എന്ന പുസ്‌തകം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി.
'ജനങ്ങൾക്ക് സവർക്കറെ മനസിലാക്കാൻ സാധിച്ചിട്ടില്ല.രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുംപോലെ തങ്ങൾ സവർക്കറെ മോചിപ്പിക്കാനും പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.' രാജ്‌നാഥ് സിംഗ് പറഞ്ഞു. വീരസവർക്കർ ബ്രിട്ടീഷ് ഗവണ്മെന്റിനോട് മാപ്പപേക്ഷിച്ചത് രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നിർദ്ദേശം അനുസരിച്ചാണെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന് വേണ്ടി സവർക്കർ ചെയ്‌ത പ്രവർത്തനങ്ങൾ ധാരാളമുണ്ടെന്നും അവ ഒരു ബുക്കിൽ ഒതുക്കാനുന്നതല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 'നാസിയോ, ഫാസിസ്‌റ്റോ ഒന്നും ആയിരുന്നില്ല അദ്ദേഹം.യാഥാർത്ഥ്യ ബോധമുളള ഒരു തികഞ്ഞ ദേശീയവാദിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുളള തെറ്റിദ്ധാരണകൾ എല്ലാം ഈ പുസ്‌തകം വായിക്കുന്നതോടെ മാറും. ചില പ്രത്യേകതരം വിശ്വാസമുളളവർ സവർക്കറെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ആർക്കും അദ്ദേഹത്തെ മനസിലായിട്ടില്ല.' രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
ചർച്ചകളിലൂടെ ഫലം കാണും എന്ന വിശ്വാസക്കാരനായിരുന്നു സവർക്കർ. അദ്ദേഹത്തെ രണ്ടുവട്ടം ജീവപര്യന്തം ശിക്ഷയ്‌ക്ക് ബ്രിട്ടീഷ് സർക്കാർ വിധിച്ചിട്ടുണ്ട്. ദേശീയ നേതാക്കളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും പ്രത്യേക കാഴ്‌ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.