galaxy-

സിഡ്നി : ക്ഷീരപഥത്തിൽ നിന്നും തുടർച്ചയായി വരുന്ന റേഡിയോ സിഗ്നലുകളിൽ അമ്പരപ്പ് പ്രകടിപ്പിച്ച് ശാസ്ത്ര ലോകം. ഇത്തരമൊരു സംഭവം ആദ്യമാണെന്ന് അഭിപ്രായപ്പെടുന്ന ജ്യോതിശാസ്ത്രജ്ഞർ ഇതിന് പിന്നിൽ അന്യഗ്രഹ ജീവികളാണെന്ന അഭ്യൂഹം തള്ളിക്കളയുന്നു. ക്ഷീരപഥത്തിലെ നിശ്ചിത കേന്ദ്രത്തിൽ നിന്നും പുറപ്പെടുവിക്കുന്ന തരംഗങ്ങളെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ മരുഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ആന്റിനകളാണ് ഈ തരംഗങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ കൃത്യമല്ലാത്ത ഇടവേളകളിൽ സിഗ്നലുകളുടെ പ്രക്ഷേപണം നിലയ്ക്കുന്നതും വീണ്ടും വരുന്നതുമാണ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു ഘടകം. ആഴ്ചകളോളം ഇത്തരത്തിൽ തുടർച്ചയായി ഓണാക്കുകയും ഓഫാക്കുകയും ചെയ്യുന്നുണ്ട്. ഇതിനുമുമ്പ് കണ്ടെത്തിയിട്ടുള്ള വസ്തുക്കളുമായി പൊരുത്തപ്പെടാനാവാത്തതാണ് ഇപ്പോഴുണ്ടായതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

സിഡ്നി സർവകലാശാലയിലെ വാനനിരീക്ഷകരായ ശാസ്ത്രജ്ഞർ രണ്ട് വർഷമായി കൂറ്റൻ ആന്റിനകളുടെയും, ടെലസ്‌കോപ്പുകളുടേയും സഹായത്തോടെ ബഹിരാകാശത്തെ അസാധാരണമായ വസ്തുക്കളെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ക്ഷീരപഥത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളെ കുറിച്ച് കൂടുതൽ പഠനം നടത്തുകയാണ് ഇവർ. ഇവിടെ പരിക്രമണം ചെയ്യുന്ന 3,200 ലധികം നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതിനും ഒന്നിൽ കൂടുതൽ ഗ്രഹങ്ങളുമുണ്ട്. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സിഗ്നലിന്റെ ധ്രുവീകരണത്തിന് വ്യക്തമായ വിശദീകരണം നൽകാൻ ശാസ്ത്രലോകത്തിനാവുന്നില്ല, എന്നാൽ ഒരു ദിശയിലേക്ക് മാത്രം വരുന്ന ഇവ കാന്തികമായി കറങ്ങുന്ന നക്ഷത്രത്തിൽ നിന്നും വരുന്നതാണെന്ന് കരുതുന്നു. കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ ലഭിക്കുന്നില്ലെങ്കിലും ഈ അജ്ഞാത വസ്തുവിനെ കുറിച്ച് കൂടുതൽ പഠനം നടത്തുന്നതിനായി നിരീക്ഷണം തുടരാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.