ലോകമെമ്പാടും കൊവിഡ് പിടിച്ചുലച്ച സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ നിന്നും കരകയറുകയാണ്. ലോക സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ വളർച്ച കൃത്യമായി പ്രവചിച്ച് ഐ എം എഫ് റിപ്പോർട്ട് പുറത്ത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021 ൽ 9.5 ശതമാനവും 2022 ൽ 8.5 ശതമാനവും വളരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക മീറ്റിംഗിന് മുമ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇത്.
ഐ എം എഫ് റിപ്പോർട്ട് പ്രകാരം ചൈനയുടെ വളർച്ച ഈ വർഷം എട്ട് ശതമാനമാണ്, എന്നാൽ 2022ൽ ചൈനീസ് സമ്പദ്‌വ്യവസ്ഥ 5.6 ശതമാനത്തിലേക്ക് കൂപ്പ് കുത്തുമെന്നും പ്രവചിക്കുന്നു. അതേസമയം അമേരിക്ക ഈ വർഷം ആറ് ശതമാനവും അടുത്ത വർഷം 5.2 ശതമാനവും വളരുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. കൊവിഡ് വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു. അടുത്ത വർഷത്തോടെ കൊവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് ഉത്പാദന മേഖല എത്തുമെന്നും കണക്കാക്കുന്നു. കൊവിഡ് കാലത്തുണ്ടായ വളർച്ചാ മുരടിപ്പിന്റെ തുടർച്ചയാണ് ഇപ്പോഴുള്ള വെല്ലുവിളികൾക്ക് കാരണമാവുന്നത്.