noushad-

കാസർകോട്: മേൽപറമ്പ ദേളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കളനാട് സ്വദേശിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സഅദിയ സ്‌കൂളിലെ അദ്ധ്യാപകനും ആദൂർ സ്വദേശിയുമായ ഉസ്മാന് ഒളിവിൽ പോകാൻ സഹായം നൽകിയതിന് സുഹൃത്ത് ബേഡഡുക്ക കാഞ്ഞിരത്തുങ്കാലിലെ നൗഷാദിനെ (25) പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബേക്കൽ സബ് ഡിവിഷൻ ഓഫീസിൽ വച്ച് കേസന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപറമ്പ പൊലീസ്, പിന്നീട് പ്രതിയുടെ പേരിൽ പോക്‌സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പെൺകുട്ടിയുടെ മരണ വിവരം അറിഞ്ഞ ഉടൻ തന്നെ പ്രതിയായ അദ്ധ്യാപകൻ കർണാടകത്തിലേക്ക് കടക്കുവാനും ഒളിവിൽ പോകുന്നതിനും സുഹൃത്തായ നൗഷാദാണ് സഹായം നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കാസർകോട് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ മേൽപറമ്പ സി.ഐ. ടി. ഉത്തംദാസ്, എസ്‌.ഐ. വിജയൻ എന്നിവരാണ് ഈ കേസ് ആദ്യം അന്വേഷിച്ചത്. പോക്‌സോ നിയമത്തിലെയും ബാലനീതി വകുപ്പിലെയും കുറ്റങ്ങളോടൊപ്പം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യാ പ്രേരണാ കുറ്റവും, പ്രതിയെ ഒളിവിൽ പാർപ്പിക്കുന്നതിന് സഹായം ചെയ്ത കുറ്റവും ചുമത്തി കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ബേക്കൽ ഡിവൈ.എസ്.പിയാണ്. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തീകരിച്ച് പ്രതികൾക്കെതിരെ കുറ്റപത്രം നല്കാനുള്ള ശ്രമത്തിലാണ് കേസന്വേഷണ സംഘം.