ali-akbar

കൊച്ചി: സംസ്ഥാന സമിതി അംഗത്വം രാജിവച്ചതിന് പിന്നാലെ ബിജെപി വിട്ടുപോയെന്ന പ്രചാരണത്തോട് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച് അലി അക്‌ബർ. 'പെരുംനുണകളാണ് എന്നെക്കുറിച്ച് പ്രചരിക്കുന്നത്. സംസ്ഥാന സമിതി അംഗത്വം രാജിവച്ചത് സത്യമാണ് എന്നാൽ ബിജെപിയുടെ സാധാരണ മെമ്പറായി ഒരു സംഘിയായി തുടരും.' അലി അക്‌ബർ പ്രതികരിച്ചു.

സംഘിയായി തുടരുന്നതിൽ സന്തോഷം കണ്ടെത്തുന്നവനാണ് താനെന്നും ബിജെപി വിട്ടുപോയെന്ന് ചിലർ പറയുന്നത്. അതൊരിക്കലും ഉണ്ടാകില്ലെന്നും അലി അക്‌ബർ പറഞ്ഞു. താൻ പിടിച്ച താമര പറിച്ചുമാറ്റാൻ ശക്തി വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടിയിൽ ആൾക്കൂട്ടം ഉണ്ടാകുന്നതിന് മുൻപ് ബിജെപിയിലെത്തിയ മുസ്‌ളീം യുവാവാണ് നസീർ. തന്നെപ്പോലെ അഞ്ചോ ആറോ വർഷം മുൻപ് പാർട്ടിയിലെത്തിയയാളല്ല. വ്യക്തിപരമായ തന്റെ അഭിപ്രായമാണ് നസീറിനെ സംബന്ധിച്ചുള‌ള പോസ്‌റ്റെന്നും അലി അക്‌ബർ അഭിപ്രായപ്പെട്ടു. കമ്മിറ്റി അംഗമായിരിക്കെ നസീറിന്റെ വിഷമത്തെക്കുറിച്ച് സംസാരിക്കാനാവില്ല. അത് പറയുന്നതിന് വേണ്ടിയാണ് സംസ്ഥാന സമിതിയിൽ നിന്നും രാജിവച്ചതെന്നും അലി അക്‌ബർ പറഞ്ഞു.

രാഷ്‌ട്രീയത്തിന്റെ ഉള‌ളുകള‌ളികളിലേക്ക് പോകാത്ത കലാകാരനാണ് താൻ. ഏത് പക്ഷക്കാരനാണെന്ന് തനിക്കറിയില്ല. ഒരു നേതാവിനോടും തനിക്ക് വൈരാഗ്യമോ ദേഷ്യമോ ഇല്ല. ഏതെങ്കിലുമൊരു പക്ഷത്തോട് അടുപ്പമോ വെറുപ്പോ ഇല്ല. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോൾ കേരളത്തിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നും തനിക്ക് ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സ്ഥാനം രാജിവച്ചതെന്നും അലി അക്ബർ പറഞ്ഞു.