us-rescue-

കാബൂൾ : അമേരിക്കൻ പ്രസിഡന്റ് അഫ്ഗാനിസ്ഥാനിൽ നിന്നും തന്നെയും കുടുംബത്തെയും എങ്ങനെയും രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അഫ്ഗാൻ സ്വദേശി അമൻ ഖലീലിന്. കാരണം ജീവിതത്തിൽ ഒരിക്കലും ബൈഡന് മറക്കാൻ കഴിയാത്ത മുഖമാണ് അമൻ ഖലീലിന്റേത്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അപകടമുനമ്പിൽ ബൈഡൻ മരണത്തെ കണ്ടപ്പോൾ രക്ഷയ്ക്ക് ഉണ്ടായിരുന്നത് ഈ അഫ്ഗാൻ പൗരനായിരുന്നു. 2008ൽ ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഉൾപ്രദേശത്ത് അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. ശക്തമായ മഞ്ഞുകാറ്റിനെ തുടർന്നായിരുന്നു ഇത്. അന്ന് ജീവൻ പണയം വച്ച് ബൈഡന് സംരക്ഷണം ഒരുക്കിയത് അമൻ ഖലീലായിരുന്നു.

അഫ്ഗാനിൽ അമേരിക്കൻ സൈന്യത്തിനെ സഹായിക്കുന്ന ദ്വിഭാഷിയായിട്ടാണ് അമൻ ഖലീൽ ജോലി ചെയ്തിരുന്നത്. അപ്രതീക്ഷിതമായി നിലത്തിറങ്ങേണ്ടി വന്ന ബൈഡനും സംഘത്തിനും മണിക്കൂറുകളോളം രക്ഷാ ദൗത്യവുമായി തണുത്തുറഞ്ഞ കാലാവസ്ഥയിൽ അമൻ ഖലീൽ കൂടെയുണ്ടായിരുന്നു. മുപ്പത് മണിക്കൂറോളം നീണ്ടതായിരുന്നു ആ രക്ഷാ ദൗത്യം . ഇതിനാലാണ് ബൈഡൻ തന്നെ കൈവെടിയില്ലെന്ന് ഇയാൾ കരുതിയത്. എന്നാൽ ഓഗസ്റ്റ് 31ന് മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ ആവുന്നത് പോലെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിമാനത്താവളത്തിന്റെ ഗേറ്റ് വരെ എത്തിയെങ്കിലും അമനെ മാത്രം കൊണ്ടു പോകാമെന്ന് നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. എന്നാൽ കുടുംബത്തെ ഉപേക്ഷിക്കാൻ ഇയാൾ തയ്യാറായില്ല,

അഫ്ഗാനിൽ താലിബാൻ ഭീകരർ തങ്ങളെ കണ്ടെത്തിയാൽ വധിക്കുമെന്ന ഭയമുള്ളതിനാൽ ഏറെ നാളായി ഒളിവിലായിരുന്നു അമൻ. അമനെകുറിച്ചുള്ള വാർത്തകൾ വന്നതോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അദ്ദേഹത്തിന്റെ വിസ വേഗത്തിലാക്കിയിരുന്നു. എയർലിഫ്റ്റ് വഴി പാകിസ്ഥാനിലേക്കാണ് ഇപ്പോൾ ഇയാളെയും കുടുംബത്തെയും അമേരിക്ക മാറ്റിയിരിക്കുന്നത്. ഇതിനായി യുഎസ് വിവിധ സ്വകാര്യ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം കഴിഞ്ഞയാഴ്ചയാണ് ഈ ഉദ്യമത്തിൽ അമേരിക്കയ്ക്ക് വിജയിക്കാനായത്.