ശ്രീനഗർ: ജമ്മു കാശ്മീരിൽ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ആളുകൾ അടുത്തിടെ കൊല്ലപ്പെട്ട സംഭവത്തിൽ കാശ്മീരികളെ കൂട്ടമായി തടങ്കലിൽ വയ്ക്കുന്നതിനെതിരെ കേന്ദ്രത്തിന് മുന്നറിയിപ്പുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. അടുത്തിടെ ശ്രീനഗറിൽ കശ്മീരി പണ്ഡിറ്റിന്റെയും സിഖ് സ്ത്രീയുടെയും മരണത്തെത്തുടർന്ന് 500ലധികം ആളുകളെ തടങ്കലിലാക്കി എന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ടാണ് മുഫ്തി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയത്.
കാശ്മീരിലെ ജനങ്ങൾക്കെതിരെ അടിച്ചമർത്തൽ ആരംഭിച്ചു, അവർ തെളിവുകളൊന്നുമില്ലാതെ കാശ്മീരികളെ തടവിലാക്കുന്നുവെന്ന് മുഫ്തി ആരോപിക്കുന്നു. തടവിലാക്കുന്നവരുടെ വ്യക്തിത്വവും അവരുടെ കുറ്റകൃത്യങ്ങളും വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇതുപോലുള്ള ആളുകളെ തടഞ്ഞുവെച്ചാൽ, അതിന്റെ അപകടകരമായ ഫലങ്ങൾ ഉണ്ടാകും, സർക്കാർ വലിയ വില നൽകേണ്ടിവരുമെന്നും മെഹബൂബ മുഫ്തി മുന്നറിയിപ്പ് നൽകി.