modi

ന്യൂഡൽഹി: അഫ്ഗാൻ അതിർത്തി ഭീകരവാദത്തിന്റെയും മതമൗലിക വാദത്തിന്റെയും ഉറവിടമാകുന്നത് തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശികമായും അന്താരാഷ്‌ട്ര പരമായും ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ജി-20 അസാധാരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വെർച്വലായാണ് പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തത്.

ജി20 ഉച്ചകോടി അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നത് പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്. താലിബാൻ ഭരണത്തിൽ അഫ്‌ഗാനിലെ മാനുഷിക സാഹചര്യങ്ങൾ, ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മനുഷ്യാവകാശ പ്രശ്‌നങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയായി.

ഇന്ത്യ-അഫ്ഗാൻ തമ്മിലെ സാമൂഹികവും സാമ്പത്തികവുമായി നിലനിൽക്കുന്ന ബന്ധത്തെ ഊന്നിപ്പറഞ്ഞ മോദി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ അഫ്ഗാനിലെ സ്‌ത്രീകളുടെയും യുവാക്കളുടെ സമൂഹിക-സാമ്പത്തിക ശേഷി വികസനത്തിന് വലിയ പങ്ക് വഹിച്ചതായും ഓർമ്മിപ്പിച്ചു. ഏതാണ്ട് 500ലധികം പ്രൊജക്‌ടുകളാണ് ഇന്ത്യ അഫ്ഗാനിൽ നടപ്പാക്കിയത്.

അഫ്ഗാനിലെ ജനങ്ങൾ അനുഭവിക്കുന്ന വിശപ്പും പോഷകക്കുറവും എത്രയെന്ന് ഇന്ത്യ മനസിലാക്കുന്നു. ഇക്കാര്യത്തിൽ അന്താരാഷ്‌ട്ര സമൂഹം എത്രയും വേഗം ശ്രദ്ധ തിരിക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പ്രദേശത്ത് നിലനിൽക്കുന്ന തീവ്രവാദം, മതമൗലികവാദം, മയക്കുമരുന്ന് കള‌ളക്കടത്ത് എന്നിവയൊക്കെ രാജ്യങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെയും ഇവക്കെതിരെ ഒന്നിച്ച് മുന്നേറേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അഫ്ഗാനിലെ ഐക്യരാഷ്‌ട്ര സഭാ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.