bus-haji

റിയാദ്: ആരോഗ്യമന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിൻ രണ്ട് ഡോസും എടുത്തവർക്ക് പൊതുഗതാഗതം അംഗീകരിച്ച സൗദിയിൽ ട്രെയിനിലും ബസിലും മുഴുവൻ സീ‌റ്റിലും യാത്രക്കാരെ അനുവദിച്ചു. നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവയിലാണ് അനുമതി. നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ട്രെയിനുകളിലും ബസുകളിലും രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് സഞ്ചരിക്കാം.

എന്നാൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിന് വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകും. സൗദിയിലെ ജിസാൻ പട്ടണത്തിലും ഫുർസാൻ ദ്വീപിനുമിടയിൽ സർവീസ് നടത്തുന്ന ബോട്ടുകളിലും ഇരുഡോസ് വാക്‌സിനെടുത്തവ‌ർക്ക് മാത്രമാകും യാത്രാനുമതി.

രാജ്യത്ത് പുതുതായി 58 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. മൂന്ന് മരണങ്ങളും. ഇതോടെ ആകെ റിപ്പോ‌ട്ട് ചെയ്‌തത് 5.48 ലക്ഷം കേസുകളും മരണമടഞ്ഞവരുടെ എണ്ണം 8748മായി. ആകെ രോഗം സ്ഥിരീകരിച്ചവരിൽ 98 ശതമാനവും രോഗമുക്തി നേടി.