vm-kutty

കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി എം കുട്ടി.

ആറ് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ഏഴ് സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്. മൂന്ന് സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്തു. മാർക്ക് ആന്റണി എന്ന ചിത്രത്തിനായി പാട്ടെഴുതി. ഉൽപത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനിമകളിൽ അഭിനയിച്ചു.

സംസ്ഥാനത്ത് സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയതും വി എം കുട്ടിയാണ്. 1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിൽ ജനിച്ചു.അദ്ധ്യാപക പരിശീലന കോഴ്‌സിന് ശേഷം 1985 വരെ അദ്ധ്യാപകനായി ജോലി ചെയ്തു. ശേഷം സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.

ഇരുപത് വയസുമുതൽ ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് കലാജീവിതം തുടങ്ങി.കേരള സാഹിത്യ നാടക അക്കാദമി അംഗമായി പ്രവര്‍ത്തിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളിലും വി എം കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1987ല്‍ കവരത്തിയിലെത്തിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചും വി എം കുട്ടി ശ്രദ്ധ നേടി. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.