corporation

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. ശ്രീകാര്യം സോണൽ ഓഫീസിലെ ജീവനക്കാരനായ ബിജുവാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ ശ്രീകാര്യം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കല്ലറയിൽ നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ ഒളിവിലാണ്.മൂന്ന് സോണൽ വിഭാഗത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് ശ്രീകാര്യം സോണൽ ഓഫീസിൽ നടന്നത്.

നികുതിയായിട്ടും അല്ലാതെയും കിട്ടുന്ന പണം തൊട്ടടുത്ത ദിവസം തന്നെ നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാൽ ഈ തുക നിക്ഷേപിക്കാതെ അടിച്ചുമാറ്റിയെന്നാണ് കേസ്. സംഭവത്തിൽ ഏഴ് ജീവനക്കാരെ നേരത്തെ കോർപറേഷൻ സസ്‌പെൻസ് ചെയ്തിരുന്നു. നികുതി അടച്ച ആർക്കും പണം നഷ്ടമാകില്ലെന്ന് കോർപറേഷൻ അറിയിച്ചിരുന്നു.