പതിനഞ്ച് ലക്ഷം രൂപയോളം വർഷം ചെലവഴിച്ച് പരിചരിക്കുന്ന ഒരു മരമുണ്ട് രാജ്യത്ത്. മദ്ധ്യപ്രദേശിലെ റെയ്‌സൺ ജില്ലയിലെ ഈ മരത്തിന് ഇരുപത്തിനാല് മണിക്കൂറും കനത്ത സുരക്ഷയാണ് നൽകിവരുന്നത്. കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്. ഒരു ഇല കൊഴിഞ്ഞാൽ പോലും ജില്ലാ ഭരണകൂടത്തിന് ടെൻഷനാണ്.
മരത്തിനുവേണ്ട വെള്ളം ശേഖരിക്കുന്നതിനായി ഒരു പ്രത്യേക വാട്ടർ ടാങ്കും സമീപത്ത് നിർമിച്ചിട്ടുണ്ട്.
ആഴ്ചതോറും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരത്തിന്റെ നില വിലയിരുത്തുന്നു. വൃക്ഷത്തിന് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി മാസത്തിൽ രണ്ട് തവണ മെഡിക്കൽ ചെക്കപ്പ് നടത്താറുണ്ട്.
മൃഗങ്ങളും മനുഷ്യരും മരം നശിപ്പിക്കാതിരിക്കാൻ ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും വിവിഐപി പരിഗണന ഈ വൃക്ഷത്തിന് നൽകാനൊരു കാരണമുണ്ട്. എന്താണെന്നല്ലേ? സാക്ഷാൽ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധി വൃക്ഷമാണിത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് യഥാർത്ഥ ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരയിൽ എത്തിച്ച് അവിടെ നട്ടു വളർത്തിയിരുന്നു.
2012ൽ ഇന്ത്യയിലെത്തിയ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സ അനുരാധപുരയിലെ ബോധിവൃക്ഷത്തിൽ നിന്നു എടുത്തുകൊണ്ടുവന്ന ശിഖരമാണ് ഇന്നുകാണുന്ന ഈ മരം. 20 അടി ഉയരമാണ് ഈ ബോധിവൃക്ഷത്തിനുള്ളത്. കൊവിഡിന് മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ ഈ മരത്തെ കാണാൻ എത്തിയിരുന്നു.