rahul-gandhi

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ കർഷക മരണത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടികാഴ്ച്ച നടത്തും. കൂടാതെ ആക്രമണത്തെക്കുറിച്ചുളള വിശദമായ വിവരങ്ങളും സമർപ്പിക്കും. രാവിലെ 11.30 നാണ് സന്ദർശനം.

ഏഴംഗ പ്രതിനിധി സംഘത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എം പി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഗാർഖെ, മുതിർന്ന പാർട്ടി നേതാക്കളായ എ കെ ആന്റണി, ഗുലാം നബി ആസാദ്, ലോക് സഭ നേതാവ് ആധിർ ര‌ഞ്ചൻ ചൗധരി എന്നിവർ ഉൾപ്പെടും.

ഒക്ടോബർ മൂന്നിനാണ് നാല് കർഷക‌ർ ഉൾപ്പെടെ എട്ട് പേർ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനം തടയാൻ ക‌ർഷകർ നടത്തിയ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം കർഷക‌ർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ മന്ത്രിയുടെ മകൻ ആശിഷ് മിശ്ര അടക്കമുള്ളവർ അറസ്റ്റിലായി. എന്നാൽ അജയ് മിശ്ര ഇപ്പോഴും മന്ത്രിസ്ഥാനത്ത് തുടരുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണുന്നത്.