assembly-case

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി. ആറ് പ്രതികളും നവംബർ 22ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് തീരുമാനം. വി. ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കുഞ്ഞഹമ്മദ് മാസ്‌റ്റർ, സികെ സദാശിവൻ, കെ അജിത്ത് എന്നീ ആറു പ്രതികളുടെ ഹർജിയാണ് കോടതി തള്ളിയത്. നവംബർ 22ന് ഇവരെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ പൊതുമുതൽ നശിപ്പിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും, തങ്ങൾ ആറുപേർ മാത്രമല്ല കുറ്റക്കാരെന്നും പ്രതിഭാഗം വാദിച്ചു. പൊലീസിന്റെ അന്വേഷണം ശരിയായിരുന്നില്ല, വാച്ച് ആന്റ് വാർഡുമാരെ മാത്രമാണ് സാക്ഷികളാക്കി മാറ്റിയതെന്നും പ്രതികൾ വാദിച്ചു. എന്നാൽ ഒരു ജനപ്രതിനിധിയും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ആറു പ്രതികളുടെയും ഭാഗത്തു നിന്നുമുണ്ടായതെന്നും, അതിനാൽ വിടുതൽ ഹർജികൾ അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.