gang-fight

ബംഗളൂരു: പതിന‌ഞ്ചുകാരൻ തന്റെ സുഹ‌ൃത്തിന്റെ തൊപ്പിയെ കളിയാക്കിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ എട്ട് പേർ അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ഇലയ്ക്കൽ പട്ടണത്തിൽ രണ്ട് മത വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

തലയോട്ടി മാതൃകയിലെ തൊപ്പി ധരിച്ച കൗമാരക്കാരനെ സുഹൃത്ത് കളിയാക്കിയിരുന്നു.ഇതിന്റെ വിഷമത്തിൽ കുട്ടി തന്റെ മറ്റ് സുഹൃത്തുക്കളോട് പരാതിപ്പെടുകയും ഇവർ സംഘം ചേർന്ന് പതിന‌ഞ്ചുകാരനെ ആക്രമിക്കുകയായിരുന്നു. ഇതിന് പ്രതികാരമായി മർദനമേറ്റ കുട്ടി ആക്രമണത്തെക്കുറിച്ച് ഒരു സംഘടനയിൽപ്പെട്ട സുഹൃത്തുക്കളെ അറിയിക്കുകയും ഇവർ തൊപ്പിധാരിയെ മർദിക്കുകയും ചെയ്തു. തുട‌ർന്ന് രണ്ട് മത വിഭാഗങ്ങളിൽപ്പെട്ടവർ സംഭവത്തിൽ ഇടപെട്ടതോടെ സംഘർഷം കനത്തു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് രണ്ട് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്യുകയും ഇരു വിഭാഗത്തുനിന്നും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കൾക്ക് കേസ് തുടരാൻ ആഗ്രഹമില്ലെന്നും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നും ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നും ബാഗൽകോട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.