കൊല്ലം: ഒടുവിൽ കേരളം കാത്തിരുന്ന വിധി പ്രസ്‌താവം വന്നിരിക്കുകയാണ്. അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരിക്കുന്നു. വധ ശിക്ഷതന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും പ്രതിയുടെ പ്രായവും, മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്ന പശ്ചാത്തലവും കണക്കിലെടുത്ത് കോടതി വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
എന്നാൽ, 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന പഴമൊഴി പോലെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും സൂരജിന്. 17 വർഷത്തെ തടവ് ശിക്ഷയ‌്‌ക്ക് ശേഷമാണ് ജീവപര്യന്തം ആരംഭിക്കുന്നത് തന്നെ. ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് അനുഭവിക്കേണ്ടി വരിക. ജീവപര്യന്തത്തിന്റെ നിർവചനം തന്നെ 'ജീവിതാവസാനം വരെ' എന്നതാണ്. ഒരു ക്രിമിനൽക്കേസിൽ കുറ്റക്കാരൻ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവൻ അഥവാ മരണം വരെ ജയിലിൽ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിന് അർത്ഥം.
നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വർഷത്തെയും ഏഴ് വർഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി.
പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടൈങ്കിലും ഈ കേസിൽ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് മേൽക്കോടതി വിധികളോ സർക്കാർ തീരുമാനമോ ഉണ്ടായില്ലെങ്കിൽ ജീവതാവസാനം വരെ തടവിൽ കിടക്കണം.