china-bride

വുഹാൻ: ചൈനയിൽ വിവാഹ സമ്മാനമായി നവവധുവിന് വരൻ നൽകിയത് ഓരോ കിലാഗ്രാം വീതം ഭാരമുള്ള 60 നെക്‌ലസുകൾ. വിവാഹ വേദിയിൽ നടക്കാൻ പോലും സാധിക്കാതെ തളർന്നിരിക്കുന്ന വധുവിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. വരൻ നൽകിയ 60 കിലോ സ്വർണത്തിനു പുറമേ വരന്റെ വീട്ടുകാർ വലിയ രണ്ട് വളകൾ കൂടി വധുവിന് നൽകിയിരുന്നു. ഇതെല്ലാം അണിഞ്ഞുകൊണ്ടാണ് വധു വിവാഹത്തിന് എത്തിയത്.

ചൈനയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് ചെറുക്കൻ. സ്വർണം കൂടാതെ വിവാഹവസ്ത്രമായ വലിയൊരു ഗൗണും ഇരുകൈയിലും രണ്ട് വലിയ റോസാപൂച്ചെണ്ടുകളുമായാണ് വധു വിവാഹവേദിയിൽ എത്തിയത്. ഇത്രയേറെ സാധനങ്ങളുമായി നടന്നു നീങ്ങുന്ന പെൺകുട്ടിയെ സഹായിക്കാൻ വിവാഹത്തിന് എത്തിയ പലരും മുന്നോട്ട് വന്നെങ്കിലും പെൺകുട്ടി അവയെല്ലാം സ്നേഹപൂർവം നിരസിക്കുകയായിരുന്നു.

വിവാഹത്തിന് സ്വർണം അണിയുന്നത് ചൈനയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സ്വർണം തങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടു വരുമെന്നാണ് ചൈനീസ് സംസ്കാരം അനുസരിച്ചുള്ള വിശ്വാസം. കൂടാതെ ദുഷ്ട ശക്തികളെയും നിർഭാഗ്യത്തെയും അകറ്റിനിർത്താനും സ്വർണത്തിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്ന് ചൈനക്കാർ വിശ്വസിക്കുന്നു.