ഷാർജ : ബാറ്റിംഗ് വേഗം കുറഞ്ഞിരുന്നെങ്കിലും ആവേണ്ടം ഒട്ടും ചോരാതിരുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ ഫൈനലിലേക്ക് എത്തി.വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്തയും ചെന്നൈയും തമ്മിൽ ഏറ്റുമുട്ടും. പ്രാഥമിക റൗണ്ടിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയിരുന്ന ഡൽഹി ക്യാപ്പിറ്റൽസ് ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റതിന് പിന്നാലെയാണ് രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയോടും കീഴടങ്ങി നിരാശയോടെ മടങ്ങുന്നത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന കൊൽക്കത്ത എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ മലർത്തിയടിച്ചാണ് രണ്ടാം ക്വാളിഫയറിലേക്ക് കാലെടുത്തുവച്ചത്.
ഇന്നലെ ഷാർജയിൽ നടന്ന രണ്ടാം ക്വാളിഫയറിൽ ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറുകളിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോൾ ഒരു പന്ത് മാത്രം ബാക്കിനിൽക്കേയാണ് കൊൽക്കത്ത ലക്ഷ്യത്തിലെത്തിയത്. കുറഞ്ഞലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്ത വെങ്കിടേഷ് അയ്യരുടെയും (55),ശുഭ്മാൻ ഗില്ലിന്റെയും (46) മികവിൽ 125/2 എന്ന സ്ഥിതിയിലായിരുന്നെങ്കിലും 11 റൺസ് നേടുന്നതിനിടെ അഞ്ചുവിക്കറ്റുകൾ കൂടി നഷ്ടമാക്കിയതാണ് കളി ടൈറ്റാക്കിയത്.