കൊല്ലം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൂരജിന് ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നതും പ്രായവും കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയതെന്ന് കോടതി പറഞ്ഞു. എങ്കിലും അപൂർവങ്ങളിൽ അപൂർവ ശിക്ഷയാണ് കോടതി നൽകിയത്.
സാധാരണ വിവിധ കുറ്റങ്ങൾക്ക് പ്രത്യേകം തടവുശിക്ഷ വിധിക്കുന്ന കോടതി എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പറയാറുണ്ട്. എന്നാൽ, സൂരജ് ചെയ്തുവെന്ന് തെളിഞ്ഞ ഓരോ കുറ്റത്തിനും പ്രത്യേകം ശിക്ഷവിധിച്ച കോടതി ഇതെല്ലാം ഒന്നിന് പിറകെ ഒന്നായി പ്രത്യേകം അനുഭവിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. സുപ്രീം കോടതിയിൽ ഇത്തരം വിധി സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. കേരളത്തിൽ സമീപഭാവിയിൽ ഒരു കോടതിയും ഇത്തരം ശിക്ഷ വിധിച്ചിട്ടില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് പറഞ്ഞു.
നാഥുറാം വിനായക ഗോഡ്സേയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിൽ ജീവപര്യന്തം തടവ് എന്നാൽ ജീവിതാവസാനം വരെയെന്ന് ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുപ്രകാരം ഇപ്പോൾ 28 വയസുള്ള സൂരജ് ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും.അപ്പീൽ പോയി മേൽക്കോടതിയിൽ നിന്നു ശിക്ഷയിൽ ഇളവ് വാങ്ങുകയോ
ജീവപര്യന്തം തടവ് സർക്കാർ കുറച്ച് നൽകുകയോ ചെയ്താൽ മാത്രമേ സൂരജിന് നിലവിലെ വിധി പ്രകാരം ജയിൽ മോചിതനാകാൻ കഴിയൂ.
സൂരജിന് ചുമത്തിയ പിഴത്തുകയായ 5.85 ലക്ഷം രൂപ ഉത്രയുടെ രക്ഷിതാക്കളായ വിജയസേനനും മണിമേഖലയ്ക്കും തുല്യമായി വീതിച്ചുനൽകാനും ഉത്രയുടെ മകന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി പ്രത്യേകം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.