ഷാർജ: ഐപിൽ 14ാം സീസൺ രണ്ടാം ക്വാളിഫയറിൽ ഡൽഹി ഉയർത്തിയ ഭീഷണി ഒരു ബോൾ മാത്രം ശേഷിക്കെ മറികടന്ന് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. കൊവിഡ് പ്രതിസന്ധിയുണ്ടാകുന്നതിന് മുൻപുളള ഈ വർഷത്തെ ഐപിഎൽ ആദ്യഘട്ട പോരാട്ടങ്ങളിൽ മിക്ക കളികളിലും പരാജയപ്പെട്ട ടീമാണ് കൊൽക്കത്ത. ഡൽഹിയാകട്ടെ 14ൽ വെറും നാല് കളികളിൽ മാത്രമാണ് പരാജയപ്പെട്ടത്.
എന്നാൽ ആ കുതിപ്പിന് കൊൽക്കത്ത രണ്ടാം ക്വാളിഫയറിൽ വിരാമമിട്ടു. ഫലം മൂന്ന് വിക്കറ്റിന് ഡൽഹിയുടെ മേൽ കൊൽക്കത്തയ്‌ക്ക് വിജയം. കിരീട പോരാട്ടത്തിന് ഇനി ചെന്നൈയോട് വെളളിയാഴ്‌ച കൊൽക്കത്ത പോരാടും. ആദ്യം ബാറ്റ് ചെയ്‌ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 135 റൺസാണ് ഡൽഹി നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 19.5 ഓവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ വിജയം കണ്ടു.
മികച്ച ഫോമിൽ ബാറ്റ് വീശിയ പ്രിഥ്വി ഷായെ (12 പന്തിൽ 18 രണ്ട് ഫോറും ഒരു സിക്‌സും) പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഡൽഹിയ്‌ക്ക് ആദ്യ തിരിച്ചടി നൽകിയത്. തുടർന്ന് കരുതലോടെ കളിച്ച മാർകസ് സ്‌റ്റോയിണിസ്(18) പുറത്തായി. ശിവം മാവിയാണ് സ്‌റ്റോയിണിസിന്റെ വിക്കറ്റ് നേടിയത്. പിന്നാലെ നന്നായി കളിച്ചുവന്ന ശിഖർ ധവാൻ (39 പന്തുകളിൽ 36) പുറത്തായി. തുടർന്ന് വന്ന ശ്രേയസ് അയ്യർ 30 റൺസ് നേടി പുറത്താകാതെ നിന്നു. നായകൻ ഋഷഭ് പന്ത്(6), ഹെത്‌മെയ്ർ(17) എന്നിവരും വീണു. അക്‌സർ പട്ടേൽ അയ്യർക്കൊപ്പം പുറത്താകാതെ നിന്നു (4).
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ശുഭ്‌മാൻ ഗിൽ (46), വെങ്കിടേഷ് അയ്യർ (41 പന്തിൽ 55) എന്നിങ്ങനെ റൺസ് നേടി പുറത്തായി. നിതീഷ് റാണ (13) പുറത്തായ ശേഷം വന്ന മുതിർന്ന താരങ്ങളായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ദിനേഷ് കാർത്തിക്, നായകൻ ഇയാൻ മോർഗൻ,ഷാക്കിബ് അൽ ഹസൻ,സുനിൽ നരേൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ക്ഷമയോടെ കളിച്ച രാഹുൽ തൃപാഠി (12 നോട്ട് ഔട്ട്), ഫെർഗൂസൻ (0) എന്നിവർ കൊൽക്കത്തയെ വിജയത്തിലെത്തിച്ചു. ഡൽഹിയുടെ ബൗളർമാരായ അശ്വിനും, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റബാഡയും നോട്‌ജെയും നിർണായക വിക്കറ്റുകൾ വീഴ്‌ത്തി കൊൽക്കത്തയെ പ്രതിരോധത്തിലാക്കിയെങ്കിലും ഒടുവിൽ അവർ വിജയിച്ചു കയറി.