മാലി: മാലിദ്വീപിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ പ്രവേശിച്ചു.
നിർണായകമത്സരത്തിൽ നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളില്‍ നിന്നാണ് താരം 79 ഗോളുകള്‍ നേടിയത്. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്. 78 ഗോളുകളുള്ള ഇറാഖിന്റെ ഹുസ്സൈന്‍ സയീദ്, യു.എ.ഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും മറികടന്നു.
മാലിദ്വീപിനെതിരേ 33-ാം മിനിട്ടില്‍ മന്‍വീര്‍ സിംഗിലൂടെയാണ് ഇന്ത്യ ആദ്യഗോൾ നേടിയത് .45-ാം മിനിട്ടില്‍ മാലിദ്വീപ് തിരിച്ചടിച്ചു. പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വെച്ച് പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്തതോടെ മാലിദ്വീപിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖ് ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു.രണ്ടാം പകുതിയുടെ 62-ാം മിനിട്ടില്‍ മന്‍വീര്‍ നല്‍കിയ പാസ് സ്വീകരിച്ച ഛേത്രി തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഒന്‍പത് മിനിട്ടുകള്‍ക്ക് ശേഷം ബോക്‌സിനകത്തേക്ക് വന്ന ഫ്രീകിക്ക് മികച്ച ഹെഡ്ഡറിലൂടെ ഛേത്രി വലയിലെത്തിച്ച് ഇന്ത്യക്ക് വിജയം ഉറപ്പാക്കുകയായിരുന്നു.