ന്യൂഡൽഹി: ജഡ്‌ജിമാരുടെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിന്റെ വിമർശനം പെട്ടെന്നുതന്നെ ഫലംകണ്ടു. 14 പുതിയ ഹൈക്കോടതി ജഡ്‌ജിമാർക്ക് നിയമനം നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതിൽ നാലുപേർ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്‌ജിമാരാകും. സി.ജയചന്ദ്രൻ, സോഫി തോമസ്, അജിത് കുമാർ, സുധ ചന്ദ്രശേഖരൻ എന്നിവരെ രണ്ട് വർഷത്തേക്ക് അഡീഷണൽ ജഡ്‌ജിമാരായി നിയമിച്ചു.
ഏഴ്പേർ തെലങ്കാന ഹൈക്കോടതിയിലും മൂന്ന് പേർ ഒഡീഷ ഹൈക്കോടതിയിലും ജഡ്‌ജിമാരാകും. സെപ്‌തംബർ ഒന്നിനാണ് ഇവരെ കൊളീജിയം ശുപാർശ ചെയ്‌തത്. നീതി നടപ്പാക്കാനും ജനാധിപത്യം സംരക്ഷിക്കാനും സർക്കാർ സഹകരണമുണ്ടാകണമെന്ന് മുൻപ് ചീഫ് ജസ്‌റ്റിസ് എൻ.വി രമണ നാഷണൽ ലീഗൽ അതോറിറ്റിയുടെ ചടങ്ങിൽ അഭിപ്രായമുന്നയിച്ചിരുന്നു.
രാജ്യത്ത് വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ വലിയ പങ്ക് തീർപ്പാക്കാനുണ്ട്. 106 ജഡ്‌ജിമാരുടെയും ഒൻപത് ജസ്‌റ്റിസുമാരുടെയും നിയമന ശുപാർശ ലഭിച്ചിട്ടും അതിൽ എട്ട് പേരുടെത് മാത്രമായിരുന്നു സർക്കാർ പൂർത്തിയാക്കിയത്. ഈ സാഹചര്യത്തിലായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ വിമർശനം.