aryan

മുംബയ്: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. ജാമ്യഹർജിയെ എതിർത്ത നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി), ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്ന് പ്രത്യേക കോടതിയെ അറിയിച്ചു.


സുഹൃത്ത് അർബാസ് മെർച്ചന്റിൽ നിന്നാണ് ആര്യൻ ലഹരിമരുന്ന് വാങ്ങാറുള്ളത്. ഇതേ ആവശ്യത്തിനായി താരപുത്രൻ രാജ്യാന്തര റാക്കറ്റിന്റെ ആളുകളുമായി ബന്ധപ്പെട്ടതിന് തെളിവുണ്ട്. വലിയ അളവിലുള്ള ലഹരി മരുന്നിനെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്രയും ലഹരി വാങ്ങുന്നതിനാൽ ഇത് സ്വന്തം ഉപയോഗത്തിനു മാത്രമാകില്ല. ആഡംബരക്കപ്പലിലെ പാർട്ടിയ്ക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കിൽ ക്ഷണക്കത്ത് എവിടെ? എൻസിബിയെ പോലെ ഉത്തരവാദിത്തമുള്ള ഏജൻസിയ്ക്ക് യുവാക്കളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ആര്യനെയും അർബാസിനെയും കപ്പലിൽ കയറുന്നതിന് മുൻപാണ് എൻസിബി ഉദ്യോഗസ്ഥർ പിടികൂടിയത്. തന്റെ കക്ഷി ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്റെ വാദം.