കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും മറ്റും പൊലീസുകാർ ഫൈൻ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. അനാവശ്യമായി പൊലീസ് പിഴ ഈടാക്കുകയാണെന്നും, ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നില്ലെന്നും, ഫൈൻ പിടിക്കാൻ അവർക്ക് സർക്കാർ ടാർഗറ്റ് നൽകിയിരിക്കുകയാണ് എന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ.
അത്തരത്തിൽ പൊലീസ് പിഴ ഈടാക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 'സർക്കാരിന് കാശ് കിട്ടിയാൽ മതി നമ്മളെ സംബന്ധിച്ചിടത്തോളം' എന്ന് പൊലീസുകാരൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.
പിഴ ഈടാക്കുമ്പോൾ പൊലീസ് പേരും, അച്ഛന്റെ പേരും സ്ഥലവും ചോദിക്കുന്നുണ്ട്. പേര് രാമൻ എന്നാണെന്നും,അച്ഛന്റെ പേര് ദശരഥൻ ആണെന്നും, സ്ഥലം അയോദ്ധ്യയാണെന്നും മറ്റേയാൾ മറുപടിയും നൽകുന്നു.
'കേരള പൊലീസ് ഫൈൻ പിരിക്കുന്ന രീതി ഈ വീഡിയോ നിങ്ങൾ കാണണം. ഈ വീഡിയോ ഫെയ്ക്ക് ആണ്, ഇത് ഉത്തർപ്രദേശിൽ നടന്ന സംഭവമാണ് by ന്യായീകരണ തൊഴിലാളി' എന്ന അടിക്കുറിപ്പോടെ മാത്യൂ സാമുവൽ എന്നയാളാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.