ഒരു ഗ്ലാസ് ചൂട് പാൽ കിടക്കുന്നതിന് മുൻപായി കുടിക്കുന്നത് പുരാതന കാലം മുതൽക്കേ ഇന്ത്യക്കാരുടെ പതിവായിരുന്നു. കിടക്കുന്നതിന് മുൻപ് പാൽ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണം ഒടുവിൽ അമേരിക്കക്കാരും മനസിലാക്കിയിരിക്കുകയാണ്. കിടക്കുന്നതിന് മുൻപേ ചൂട് പാൽ കുടിക്കുന്നതിലൂടെ ഒരാൾക്ക് നല്ല ഉറക്കം ലഭിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന പഠന ഫലം സൂചിപ്പിക്കുന്നത്. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനമാണ് പാലിന്റെ ഈ ഗുണത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ഉറക്കകുറവുള്ളവർക്ക് പ്രകൃതിദത്തമായി അത് വീണ്ടെടുക്കാനുള്ള ഉത്തമ മാർഗം കൂടിയാണ് രാത്രിയിലെ പാലു കുടി.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച് അമേരിക്കയിൽ മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും മതിയായ ഉറക്കം ലഭിക്കുന്നില്ല. ഉറക്കകുറവുള്ളവർ കൂടുതലായും ബെൻസോഡിയാസെപൈൻസ്, സോൾപിഡെം തുടങ്ങിയവ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. പാർശ്വഫലങ്ങളുള്ളതും, സ്ഥിരമായി ഉപയോഗിച്ചാൽ അഡിക്ടാവുന്നതുമായ മരുന്നുകളാണ് ഇവ.