കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഗണേഷ് കുമാറിനെ പഞ്ചായത്ത് പ്രസിഡന്റും സംഘവും ചേർന്ന് ആക്രമിച്ചെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെയാണ് പരാതി. ഡോ.ഗണേഷ് കുമാര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
എന്നാൽ, ഡോക്ടർ തങ്ങളോട് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. കിണറ്റില്‍ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ഇത് ചോദ്യം ചെയ്ത തങ്ങളോട് മോശമായി പെരുമാറുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ ജി എം ഒ എ താലൂക്ക് ആശുപത്രി ഒ പി ബഹിഷ്‌കരിച്ചു.