സീതാദേവിയെ കണ്ടെത്താൻ പലേടത്തും നടന്ന് തളർന്ന രാമലക്ഷ്മണന്മാർക്ക് കബന്ധന്റെ വാക്കുകൾ വഴികാട്ടിയായി. അതുപ്രകാരം പടിഞ്ഞാറേ ദിശയിലേക്കുള്ള വഴിയേ അവർ സഞ്ചരിച്ചു. എങ്ങും തേൻ തുളുമ്പുന്ന പൂക്കളും കായ്കളും നിറഞ്ഞ വൃക്ഷങ്ങൾ. അവയുടെ തണൽ കുളിർമ്മയേകുന്നു. സുഗ്രീവനെ കാണാനുള്ള ആകാംക്ഷയോടെ അവർ നടന്നു. പമ്പയുടെ പടിഞ്ഞാറുഭാഗത്ത് മനോഹരമായ മാമരങ്ങളാൽ ചുറ്റപ്പെട്ട ശബര്യാശ്രമം. ആശ്വാസത്തോടെ അവർ ശബരിയുടെ സമീപത്തെത്തി.
സിദ്ധതാപസ്വിയും സദ് വ്രതയുമായ ശബരി രാമലക്ഷ്മണന്മാരെ പ്രണമിച്ചു. അർഘ്യപാദ്യാദികൾ നൽകി സ്വീകരിച്ചു. സന്തുഷ്ടനായ ശ്രീരാമൻ പുഞ്ചിരിയോടെ ചോദിച്ചു:
''അല്ലയോ മഹതിയായ താപസി, ധ്യാനം ഏകാഗ്രമായാൽ സാധാരണ വിഘ്നങ്ങൾ വരാറുണ്ട്. അവയെ നേരിട്ടു കഴിഞ്ഞില്ലേ? തപോഗുണം കൂടുകയും ചെയ്തു. കോപത്തെ കീഴടക്കി. ഭക്ഷണം ഉപേക്ഷിച്ചു. കഠിനവ്രതങ്ങളാൽ നേടേണ്ടത് നേടുകയും ചെയ്തു. അതുപ്രകാരം ശാശ്വതമായ ശാന്തി കൈവരികയും ചെയ്തു. ഗുരുപരിചരണത്താൽ അമൂല്യമായ സിദ്ധി ആർജിക്കുകയും ചെയ്തു.""
ശ്രീരാമവചനങ്ങൾ കേട്ടപ്പോൾ ശബരിക്ക് ആനന്ദമായി. നിറകണ്ണുകളോടെ അതുപ്രകടിപ്പിക്കുകയും ചെയ്തു. അല്ലയോ രാമദേവ! എന്റെ തപസിന്റെ ഏറ്റവും വലിയ ഫലമാണ് എനിക്ക് ഇപ്പോൾ കിട്ടിയ ഈ ദർശനം. ഗുരുശുശ്രൂഷയുടെ സദ്ഫലമാണിത്. എന്റെ ജന്മം സഫലമായിരിക്കുന്നു. അങ്ങയെ പൂജിക്കാൻ കഴിഞ്ഞതിനാൽ സംശുദ്ധയായിരിക്കുന്നു. അവിടുത്തെ കരുണാകടാക്ഷം കൊണ്ടാണ് അത് സാദ്ധ്യമായത്. സ്വർഗം ലഭിച്ച സംതൃപ്തി. രാമാനുഗ്രഹത്താൽ ഇനി നിത്യലോകങ്ങളിലേക്ക്. തൃപ്പാദങ്ങൾ ചിത്രകൂടത്തിൽ സ്പർശിച്ചപ്പോൾ ഞാൻ ശുശ്രൂഷിച്ചുകൊണ്ടിരുന്ന മഹർഷിമാർ തേജസാർന്ന വിമാനത്തിൽ സ്വർഗത്തിലേക്കെഴുന്നള്ളാനായി പുറപ്പെടാൻ സമയം പറഞ്ഞത് ഇപ്പോഴുമോർക്കുന്നു. ലക്ഷ്മണകുമാരനുമൊത്ത് ശ്രീരാമൻ ഒരുനാൾ ശബര്യാശ്രമത്തിലെത്തും. ദിവ്യാതിഥിയായി ദേവനെ സ്വീകരിച്ചു പൂജിക്കണം. രാഘവദർശനത്താൽ പുണ്യലോകം പ്രാപിക്കാൻ കഴിയുമെന്നും അവർ അരുളി. അതുപ്രകാരം അങ്ങ് എത്തുന്ന നേരം കാണിക്കയായി സമർപ്പിക്കാൻ ദിവ്യതരുക്കളുടെ സ്വാദിഷ്ടഫലങ്ങൾ ഞാൻ സമ്പാദിച്ചുവച്ചിട്ടുണ്ട്.""
സിദ്ധതാപസിയുടെ വിനയാന്വിതമായ വാക്കുകൾകേട്ട് ശ്രീരാമൻ മന്ദഹസിച്ചു.
''അല്ലയോ ശബരീ ഭവതി പരിചരിച്ചിരുന്ന മഹർഷിമാരുടെ മാഹാത്മ്യമെല്ലാം ഞാൻ മനസിലാക്കിയിരിക്കുന്നു. സിദ്ധതാപസന്മാരായ ഭവതിയുടെ ഗുരുക്കന്മാർ വസിച്ചിരുന്ന ആ പുണ്യപ്രദേശങ്ങൾ ഒന്നു കാണണമെന്നുണ്ട്.""
ശ്രീരാമന്റെ ആഗ്രഹമറിഞ്ഞപ്പോൾ ആ സ്ഥലങ്ങൾ ശബരി കാട്ടിക്കൊടുത്തു. ഭവ്യതയോടെ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
''അല്ലയോ സ്വാമി! മതംഗവനത്തെ അങ്ങ് തൃക്കൺപാർത്താലും. മൃഗങ്ങളും പക്ഷികളും വിഹരിച്ചിരുന്ന സ്ഥലത്താണ് എന്റെ ഗുരുശ്രേഷ്ഠന്മാർ വസിച്ചിരുന്നത്. ഈ പുണ്യതീർത്ഥം മന്ത്രങ്ങളാൽ പരിപൂരിതവുമാണ്. ആ അഗ്നിവേദി കണ്ടാലും. എന്റെ ഗുരുവരന്മാർ വാർദ്ധക്യം കൊണ്ട് അവശമായ വിറയ്ക്കുന്ന കൈകളാൽ ഹോമം ചെയ്തിരുന്ന സ്ഥലമാണ്. അവരുടെ തപശക്തി ഇവിടമെല്ലാം പ്രകാശിപ്പിക്കുന്നു. ദീർഘവ്രതകാഠിന്യത്താൽ ക്ഷീണിതരായിരിക്കെ അവരുടെ സ്മരണകളാൽ വന്നുചേർന്ന ഏഴ് ആഴികളാണ് ആ കാണുന്നത്. ഇവിടെ സ്നാനം ചെയ്ത അവർ മരങ്ങളിൽ തൂക്കിയിട്ട മരവുരികൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. അവർ ദേവതകളെ പൂജിച്ച താമരപ്പൂക്കൾ ഇപ്പോഴും വാടിയിട്ടില്ല. അങ്ങ് കാണാനാശിച്ച പ്രദേശങ്ങൾ തൃക്കൺപാർത്തു കഴിഞ്ഞു. ആഗ്രഹിച്ചത് കേട്ടും കഴിഞ്ഞു. ഇനി അടിയന് വിട തന്നാലും. ഈ പരിശുദ്ധാശ്രമത്തിൽ വസിച്ച മഹർഷി ശ്രേഷ്ഠന്മാർ എങ്ങോട്ട് പോയോ അവിടേക്ക് ഞാനും പൊയ്ക്കോട്ടെ.""
ശബരിയുടെ താപസോചിതമായ വാക്കുകൾ ശ്രീരാമനെ സന്തോഷിപ്പിച്ചു. അത് സദ്വചനങ്ങളായി പുറത്തുവന്നു.
''അല്ലയോ ദിവ്യതാപസീ, അവിടുത്തെ പൂജയാൽ ഞാൻ സന്തുഷ്ടനായി. ആഗ്രഹിക്കുന്ന ദിവ്യസ്ഥലത്തേക്ക് പോകാൻ ഞാൻ അനുവാദം തരുന്നു.""
ശ്രീരാമവചനങ്ങൾ ശിരസാവഹിച്ച് മാൻതോൽ ധരിച്ച ആ സിദ്ധതാപസിയായ ശബരി തന്റെ ജീർണദേഹം ത്യജിക്കുവാനായി യോഗാസനത്തിലിരുന്നു. ധ്യാനം തീവ്രമായപ്പോൾ ആ ദേഹം തീക്കനൽപോലെ ജ്വലിച്ചു. ക്രമേണ ആ തേജോരൂപം വാനിലേക്കുയർന്നു. ദിവ്യഹാരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയണിഞ്ഞ് ആകാശത്തിൽ പ്രശോഭിച്ച ആ രൂപം കാടാകെ പ്രകാശമാനമാക്കി. പുണ്യവതിയായ ആ തപസ്വിനി ശ്രീരാമനെ ശിരസാ നമസ്കരിച്ചു. രാമന്റെ കരുണാകടാക്ഷത്താൽ തന്റെ ഗുരുശ്രേഷ്ഠന്മാർ പാർക്കുന്ന അനശ്വരസന്നിധിയിലെത്തിയ ശബരി ആത്മസമാധി പ്രാപിച്ചു.
(ഫോൺ: 9946108220)