corporation

തിരുവനന്തപുരം: അടിക്കടിയുള്ള അഴിമതി ആരോപണങ്ങളിൽ മുഖം നഷ്ടമായ തിരുവനന്തപുരം കോർപ്പറേഷൻ,​ നിലവിലെ ബാങ്ക് അക്കൗണ്ടുകൾ പുന:ക്രമീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒരു പാരന്റ് അക്കൗണ്ടും ചൈൽഡ് അക്കൗണ്ടുകളും തുടങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചു. ഇതിനായി സ‌്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി (എസ്.ബി.ഐ)​ കോർപ്പറേഷൻ ചർച്ചകൾ നടത്തി. അടുത്തിടെ നടന്ന നികുതി വെട്ടിപ്പുകൾ കോർപ്പറേഷനെ പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കിയിരുന്നു.

 11 സോണൽ ഓഫീസുകൾ

കോർപ്പറേഷന് കീഴിലുള്ള 11 സോണൽ ഓഫീസുകളിലും ഇത്തരമൊരു സംവിധാനം കൊണ്ടുവരാനാണ് കോർപ്പറേഷന്റെ നീക്കം. ഈ സംവിധാനം ഒരുക്കുന്നതിനായി ഏഴ് ദിവസത്തെ സമയമാണ് എസ്.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ സോണൽ ഓഫീസുകളുടെ ചുമതലയുള്ള ചാർജ് ഓഫീസർമാർക്ക് ഇടപാടുകൾ അപ്പപ്പോൾ തന്നെ നിരീക്ഷിക്കാനാകും. പാരന്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ചൈൽഡ് അക്കൗണ്ടുകളിലെ അപ്പപ്പോഴുള്ള വിവരങ്ങളും മനസിലാക്കനാകും. ഇടപാടുകളുമായി ബന്ധപ്പെട്ട് വെർച്വൽ ഐ.ഡി സംവിധാനം ഒരുക്കുന്നതിനായി പുതുതലമുറ ബാങ്കുകളുമായും കോർപ്പറേഷൻ അധികൃതർ ചർച്ച നടത്തുന്നുണ്ട്. 11 സോണൽ ഓഫീസുകളിലും വെവ്വേറെ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്ന കാര്യം മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നെങ്കിലും ഇതിന് നിലവിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല. അതിനാൽ തന്നെ ഈ സംവിധാനം നടപ്പാക്കുന്നതിനായി കോർപ്പറേഷന് സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടി വരും.

 അന്വേഷണം തുടരുന്നു

മൂന്ന് മേഖലാ ഓഫീസുകളിൽ ശ്രീകാര്യം മേഖലാ ഓഫീസിലാണ് ആദ്യമായി തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഒരു ദിവസത്തെ വരവ് തുകയായ 1.75 ലക്ഷം രൂപയാണ് ഇവിടെ നിന്ന് കാണാതായത്. തുടർന്ന് എല്ലാ ഓഫീസുകളിലും മേയറുടെ നിർദ്ദേശ പ്രകാരം ഓഡിറ്റ് നടത്തിയപ്പോൾ ശ്രീകാര്യത്ത് നിന്ന് മാത്രം 5.12 ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി. തുടർന്ന് നഗരസഭ അധികൃതർ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ ശ്രീകാര്യം ഓഫീസിലെ അറ്റൻഡറായിരുന്ന കല്ലറ മുതുവിള നാണംകോട് അക്ഷര ഭവനിൽ ബിജുവിനെ ഒന്നാംപ്രതിയും കാഷ്യർ അനിലിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ബിജുവാണ് പണം അടയ്ക്കാൻ ബാങ്കിലേക്ക് പോയിരുന്നത്. എന്നാൽ തുക ബാങ്കിലടയ്‌ക്കാതെ ബാങ്കിൽ പണം അടച്ചെന്ന ചെല്ലാൻ കൃത്രിമമായി ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ആദ്യം തട്ടിച്ച ഒന്നേമുക്കാൽ ലക്ഷം രൂപ ഇയാൾ ഒരു മാസത്തിന് ശേഷം തിരിച്ചടച്ചു. ബിജുവിനെയും അനിൽകുമാറിനെയും ഓഫീസ് ചുമതലയുള്ള ലളിതാംബികയെയും സംഭവത്തെ തുടർന്ന് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

നേമം സോണൽ ഓഫീസിൽ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നു. നികുതിയായും അല്ലാതെയും സോണൽ ഓഫീസുകളിൽ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപ്പറേഷൻ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കിൽ നിക്ഷേപിക്കാതെ ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. 2020 ജനുവരി 24 മുതൽ 2021 ജൂലായ് 14 വരെയുള്ള ഒന്നര വർഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ 25 ദിവസങ്ങളിൽ ബാങ്കിൽ പണം അടച്ചിട്ടില്ല. പകരം ബാങ്കിന്റെ സീലില്ലാത്ത കൗണ്ടർഫോയിലാണ് പണം അടച്ചെന്ന പേരിൽ ഓഫീസിൽ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്. അന്വേഷണ സംഘം നേമം സോണൽ ഓഫീസിലെ മുഴുവൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. പല കൗണ്ടർ ഫോയിലുകളിലും ഏത് ബ്രാഞ്ചാണെന്നോ ബാങ്ക് സീലോ ഉണ്ടായിരുന്നില്ലെന്നത് തട്ടിപ്പിന്റെ തെളിവാണെന്ന് തദ്ദേശ ഫണ്ട് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല,​ സോണൽ ഓഫീസുകളിൽ നിന്ന് ബാങ്കിൽ അടയ്‌ക്കാനുള്ള പണം കൊണ്ടുവരുന്ന ജീവനക്കാരനെ തിരിച്ചറിയാനുള്ള യാതൊരു രേഖകളും ഓഫീസുകളുടെ കൈയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സോണൽ ഓഫീസുകളിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തിയ നേമം സോണൽ ഓഫീസിലെ പ്രതികളായ രണ്ടുപേർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം നടക്കുകയാണെന്നും ലുക്ക്ഔട്ട് നോട്ടീസ് അടക്കമുള്ള തുടർ നടപടികൾ ഉടനുണ്ടാകുമെന്നും ഫോർട്ട് എ.സി ഷാജി പറഞ്ഞു.