argentina-brazil

ബ്യൂണേഴ്സ് അയേ്സ് : ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ദക്ഷിണ അമേരിക്കൻ മേഖലയിൽ സൂപ്പർ

ടീമുകളായ ബ്രസീലും അർജന്റീയും തകർപ്പൻ ജയങ്ങളുമായി മുന്നേറുന്നു. ഇന്നലെ നടന്ന മത്സരങ്ങളിൽ ബ്രസീൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഉറുഗ്വെയേയും അർജന്റീന ഏകപഷീയമായ ഒരു ഗോളിന് പെറുവിനെയും കീഴടക്കി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്.

ബ്യൂട്ടിഫുൾ ബ്രസീൽ

ലീഡ്സ് താരം റാഫീഞ്ഞ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഉറുഗ്വെയ്ക്കെതിരെ സമഗ്ര ആധിപത്യത്തോടെയാണ് ഹോം മത്സരത്തിൽ ബ്രസീൽ ജയിച്ചു കയറിയത്. സൂപ്പർ താരം നെയ്നറും ഗബ്രിയേൽ ബ‌ബോസയും ഓരോ ഗോൾ വീതം നേടി. ലൂയിസ് സുവാരസാണ് ഉറുഗ്വെയുടെ ആശ്വാസ ഗോൾ നേടിയത്.

11മത്സരങ്ങൾ കളിച്ച ബ്രസീൽ 10ജയവുമായി 31 പോയിന്റുമായാണ് വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

10-ാം മിനിട്ടിൽ തന്നെ പ്രെഡിന്റെ പാസിൽ നിന്ന് നെയ്‌മർ ബ്രസീലിന് ലീഡ് നേടിക്കൊടുത്തു. 18-ം മിനിട്ടിൽതകർപ്പൻ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ റാഫീഞ്ഞ ലീഡുയർത്തി. 58-ാം മിനിട്ടിൽ തകർപ്പൻ കൗണ്ടർ അറ്രാക്കിന് അവസാനം ആങ്കിൾ ഷോട്ടിലൂടെ റാഫീഞ്ഞ തന്നെ ബ്രസീലിന്റെ അക്കൗണ്ടിൽ മൂന്നാം ഗോൾ നിക്ഷേപിച്ചു. 77-ാം മിനിട്ടിൽ സുവാരസിലൂടെ ഉറുഗ്വെ ഒരു ഗോൾ മടക്കി. എന്നാൽ 83-ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ബർബോസയും ലക്ഷ്യം കണ്ടതോടെ ഉറുഗ്വെയുടെ പതനം പൂർത്തിയായി.

തോൽവി അറിയാതെ കാൽ സെഞ്ചുറി

പെറുവിനെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലെ ജയത്തോടെ തോൽവി അറിയാതെ 25 മത്സരങ്ങൾ പൂർത്തിയാക്കിയ ടീമെന്ന നേട്ടം അർജന്റീന സ്വന്തമാക്കി. 43-ാം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കിട്ടിയ പെനാൽറ്റി യോഷിമർ യൂട്ടൻ പാഴാക്കിയത് പെറുവിന് തിരിച്ചടിയായി. തുടക്കത്തിൽ തന്നെ അർജന്റീനയുടെ ഡി പോളിന്റെ ഫ്രീ കിക്ക് ‍റൊമീറോ ഹെഡ്ഡ് ചെയ്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ഗുയിഡോ റോഡ്രിഗസും പെറുവലകുലുക്കിയെങ്കിലും അതിന് മുൻപ് റഫറി ഫൗൾ വിധിച്ചു. ക്രോസ് ബാറിന് കീഴിൽ എമിലിയാനൊ മാർട്ടിനസിന്റെ തകർപ്പൻ സേവിംഗുകൾ അർജന്റീനയ്ക്ക് തുണയായി.

സാക്ഷാൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീനയെ പിടിച്ചു കെട്ടാൻ പരുക്കൻ അളവുകളാണ് പെറു പുറത്തെടുത്തത്. 2019ലെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെയാണ് ഇതിന് മുൻപ് അർജന്റീന തോറ്റത്.

മറ്റ് മത്സരങ്ങളിൽ ബൊളീവിയ 4-0ത്തിന് പരാഗ്വെയേയും ചിലി 3-0ത്തിന് വെനസ്വേലയേയും കീഴടക്കി. കൊളംബിയയും ഇക്വഡോറും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.