മലയാളികളുടെ
പ്രിയപ്പെട്ട ചക്കയിൽ അറിയാൻ വിശേഷങ്ങൾ ഏറെയുണ്ട്
മലയാളിയുടെ മനസിൽ പ്ലാവ് വൈകാരികമായ ഒരു അനുഭവമാണ്. നമ്മുടെ സംസ്ഥാന ഫലമാണ് ചക്ക. നമ്മുടെ മണ്ണും കാലാവസ്ഥയും പ്ലാവ് വളരാൻ അനുയോജ്യമാണ്. വെള്ളക്കെട്ടുള്ള പ്രദേശം ഒഴികെ മിക്കവാറും എല്ലാതരം മണ്ണിലും പ്ളാവ് വളരും. മോറേസിയേ സസ്യകുടുംബത്തിൽപ്പെട്ട പ്ലാവിന്റെ ശാസ്ത്രനാമം ആർട്ടോകാർപ്പസ് ഹെറ്റിറോഫിലസ് എന്നാണ്.
പ്ലാവ് പ്രധാനമായും രണ്ടിനങ്ങളാണ്, കൂഴയും വരിക്കയും. കൂഴച്ചക്കയുടെ ചുളയ്ക്ക് കട്ടി കുറവും നാരുകൂടുതലും മധുരം കുറവുമാണ്. എന്നാൽ വരിക്കയാകട്ടെ നല്ല മധുരവും കട്ടിയുമുള്ള നാരുകുറഞ്ഞ ചുളയോടു കൂടിയതുമാണ്. വരിക്കയിൽ പ്രധാനമായും രണ്ട് ഇനങ്ങളുണ്ട്. മുട്ടൻ വരിക്കയും ശ്രീലങ്കയിൽ നിന്നെത്തിയ ശ്രീലങ്കൻ വരിക്കയും. മറ്റൊരിനമായ സിന്ധൂർ ഇനം ഓറഞ്ച് നിറമുള്ള ചുളകളോടു കൂടിയാണ്. കൂടാതെ വിയറ്റ്നാം സൂപ്പർ ഏയർലി, ചുങ്കപ്പുര സോഫ്ട്, ഗംലെസ്, സീഡ് ലെസ്, ജാക്ക് എന്നിവയും മികച്ച പ്ലാവ് ഇനങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.
വിത്തുമുളപ്പിച്ചും ഒട്ടിച്ചെടുത്തും പുതിയ തൈകൾ ഉത്പാദിപ്പിക്കാം. മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നതിനു ഒട്ടുതൈകളാണ് അഭികാമ്യം. 60 സെ. മീ വീതം നീളം, വീതി, താഴ്ചയുള്ള കുഴികളിൽ മേൽമണ്ണ്, ചാണകപ്പൊടി കമ്പോസ്റ്റ് അല്ലെങ്കിൽ കാലിവളം ചേർത്തിളക്കിയ മിശ്രിതം നിറച്ചശേഷം തൈ നടണം. കൂടുതൽ തൈകൾ നടുന്നെങ്കിൽ 12- 15 മീ നടീൽ അകലം വേണം. സാധാരണഗതിയിൽ പ്ലാവ് കായ്ക്കുവാൻ 7-8 വർഷമെടുക്കും. പ്രധാനമായും നവംബർ, ജനുവരി മാസങ്ങളിലാണ് കായ് വിരിയുന്നത്. 3-4 മാസം കൊണ്ട് വിളഞ്ഞു പാകമാകും. ജനുവരി മുതൽ മേയ്, ജൂൺ വരെ ചക്കയുടെ വിളവെടുപ്പ് കാലം നീണ്ടുനിൽക്കും.
തടിതുരപ്പൻ, മീലിമൂട്ട, ശൽക്കകീടങ്ങൾ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന കീടബാധ. ഇതിൽ തടിതുരപ്പൻ, ശൽക്കകീടങ്ങൾ എന്നിവയെ സ്പർശന കീടനാശിനി ഉപയോഗിച്ചും മീലിമൂട്ടയെ സൾഫർ ഉപയോഗിച്ചും നിയന്ത്രിക്കാം. രോഗങ്ങളിൽ പ്രധാനം പിങ്ക് രോഗവും, തടി ചീയലുമാണ്. കേടായ ഭാഗം മാറ്റിയശേഷം ബോർഡോ പേസ്റ്റ് പുരട്ടുകയും ബോർഡോ മിശ്രിതം തളിക്കുകയുമാണ് പ്രതിവിധി. ഒരു പ്ലാവിൽ നിന്ന് 50 മുതൽ 100 വരെ ചക്ക ലഭിക്കും. ശ്രീലങ്കൻ വരിക്കയിൽ നിന്നും 250 ചക്ക വരെ ലഭിക്കുന്നതാണ്. കൂടാതെ ഉപ്പേരി, ജാം, വരട്ടി, ചിപ്സ്, കാൻഡി, പായസം തുടങ്ങി മദ്യം വരെ ചക്കയിൽ നിന്ന് തയ്യാറാക്കാം.
പോഷക പ്രാധാന്യമേറിയ ഒരു വിഭവമാണ് ചക്ക, ഇതിൽ കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ഭക്ഷ്യനാരുകൾ, ജീവകം എ, സി, പൊട്ടാഷ്, ഫോസ്ഫറസ്, കാത്സ്യം, ഇരുമ്പ്, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ശരീരം തണുപ്പിക്കുന്നതിനും ദഹനപ്രക്രിയ ശരിയാക്കുന്നതിനും ചക്ക നല്ലതാണ്. ചക്കക്കുരുവിൽ നിന്നും എയ്ഡ്സിനുള്ള മരുന്നുപോലും തയ്യാറാക്കാമെന്ന് വിദഗ്ദ്ധർ അവകാശപ്പെടുന്നു. അർബുദത്തെ ചെറുക്കാനുള്ള കഴിവും ചക്കയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. അങ്ങനെ വന്നാൽ ചക്കയുടെ പേരും പെരുമയും വർദ്ധിക്കുമെന്നതിൽ സംശയമില്ല.